ന്യൂദല്‍ഹി: ഫ്രാന്‍സുമായി ഒപ്പിട്ട കരാര്‍ പ്രകാരം ജൂലൈ അവസാനത്തോടെ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് ലഭിക്കും. മെയ് മാസത്തില്‍ അവ ഇന്ത്യയില്‍ എത്തേണ്ടതായിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവയ്‌ക്കുകയാിരുന്നു. രണ്ടു സീറ്റുകളുള്ള മൂന്ന് റഫാല്‍ പരിശീലന വിമാനങ്ങളും ഒരു സീറ്റുള്ള യുദ്ധ വിമാനവും ജൂലൈ അവസാനം പഞ്ചാബിലെ അംബാല സേനാവിമാനത്താവളത്തില്‍ എത്തും.
ആദ്യ വിമാനം 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ്ങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും കൂടിയാകും എത്തിക്കുക. വരുന്ന വഴിക്ക് ആകാശത്തു വച്ച് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലില്‍ പെട്രോള്‍ നിറയ്‌ക്കും. ഫ്രാന്‍സില്‍ നിന്ന് ഒറ്റയടിക്ക് ഇന്ത്യയില്‍ എത്താമെങ്കിലും പത്തു മണിക്കൂര്‍ പറത്തല്‍ പൈലറ്റുമാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ ഇടയ്‌ക്ക് മധ്യേഷ്യയിലെ ഫ്രഞ്ച് സഖ്യരാജ്യങ്ങളില്‍ ഇറക്കും.
ആദ്യ ബാച്ചിലെ ഏഴു പൈലറ്റുമാരുടെ പരിശീലനം ഫ്രഞ്ച് സേനാത്താവളത്തില്‍ പൂര്‍ത്തിയായി. ലോക്ഡൗണ്‍ കഴിയുന്നതോടെ രണ്ടാം ബാച്ച് ഫ്രാന്‍സില്‍ പരിശീലനത്തിന് പോകും. ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരം ലഭിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ ആദ്യ സെറ്റ് കഴിഞ്ഞാഴ്ച വലിയ ചരക്കു വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചിരുന്നു. ദീര്‍ഘദൂര മീറ്റിയോര്‍ മിസൈലുകളും മറ്റും ഘടിപ്പിച്ച റഫാല്‍ ലോകത്തെ ഏറ്റവും കരുത്തേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്. ഇത് ലഭിക്കുന്നതോടെ വ്യോമാക്രമണ ശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെയും ചൈനയേയും മറികടക്കും. ആകാശത്തു നിന്ന് ആകാശത്തേക്ക് അയക്കാന്‍ കഴിയുന്ന മിസൈലുകള്‍ക്കും ആകാശത്തു നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന മിസൈലുകള്‍ക്കും തുല്യമായ മിസൈലുകള്‍ ഈ രാജ്യങ്ങള്‍ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: