കൊച്ചി: ഡര്‍ബനില്‍ നടന്ന ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനു വേണ്ടി കളിക്കുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒരു കളിയില്‍ താന്‍ പുറത്താക്കിയതായും പിന്നീടൊരിക്കലും സിഎസ്കെയ്ക്കെതിരേ തന്നെ കളിപ്പിച്ചിട്ടില്ലെന്നും മലയാളി പേസര്‍ ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഹെലോ ആപ്പില്‍ കഴിഞ്ഞ ദിവസം ലൈവില്‍ വന്നപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.
സിഎസ്കെയ്ക്കെതിരേ കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കാരണം അവര്‍ക്കെതിരേ ജയിക്കുകയെന്നത് തന്റെ ലക്ഷ്യമായിരുന്നു. അന്നു എന്തു കൊണ്ടാണ് സിഎസ്കെതിരേ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് അറിയില്ല. എന്തു കാരണം കൊണ്ടാണ് സിഎസ്കെയ്ക്കെതിരേ തന്നെ ഒഴിവാക്കിയത് എന്നതിന് കൃത്യമായ ഉത്തരം ടീം മാനേജ്മെന്റിന്റെ പക്കല്‍ ഇല്ലായിരുന്നു. ധോണിയോടോ, സിഎസ്കെയോടോ വെറുപ്പില്ല. അവരുടെ മഞ്ഞ ജഴ്സി മാത്രമാണ് ഇഷ്ടമില്ലാത്തത്. ഈ നിറം ഓസ്ട്രേലിയന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നത് കൊണ്ടു മാത്രമാണ് സിഎസ്കെയെ തനിക്കു ഇഷ്ടമില്ലാത്തതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
2013ലെ ഐപിഎല്ലിനിടെ രാജസ്ഥാന്റെ ഡ്രസിങ് റൂമില്‍ വച്ച് ശ്രീശാന്ത് തനിക്കും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനുമെതിരേ മോശമായി സംസാരിച്ചിരുന്നതായി അന്നത്തെ കോച്ച് പാഡി അപ്റ്റണ്‍ തന്റെ ആത്മകഥയായ ബെയര്‍ഫൂട്ട് കോച്ച് എന്ന പുസ്കത്തില്‍ കുറിച്ചിരുന്നു. സിഎസ്കെയ്ക്കെതിരായ കളിയില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴായിരുന്നു ശ്രീശാന്ത് തങ്ങള്‍ക്കെതിരേ തട്ടിക്കയറിയതെന്നും ഇതിനു പിന്നാലെ താരത്തിനോടു വീട്ടിലേക്കു തിരികെ പോവാന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കുറിച്ചിരുന്നു. ഈ സംഭവം നടന്ന് വെറും 24 മണിക്കൂറിനുള്ളിലാണ് വാതുവയ്പ് സംഭവവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായത്. അപ്റ്റണിന്റെ ആത്മകഥയിലെ ആരോപണത്തെക്കുറിച്ച് ഹെലോ ആപ്പിന്റെ ലൈവില്‍ ശ്രീശാന്ത് തുറന്നു പറയുകയായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് കൂടിയായ അപ്റ്റണിനെ ശ്രീശാന്ത് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ആത്മകഥയില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നു ഇതേക്കുറിച്ചു വിശദീകരിക്കാനും ശ്രീശാന്ത് അഭ്യര്‍ഥിച്ചു. ടീമിലെ ഭൂരിഭാഗം പേര്‍ക്കും അപ്റ്റണിനോടു ബഹുമാനമോ, മതിപ്പോ ഇല്ലായിരുന്നു. ഒരു താരവും അദ്ദേഹത്തെ അത്ര വലിയ സംഭവമായി കണ്ടിട്ടുമില്ല. അപ്റ്റണുമായി നല്ല ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. പല കാര്യങ്ങളും അദ്ദേവുമായി സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് താന്‍ അന്നു ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ അദ്ദേഹം ആത്മകഥയില്‍ കുറിച്ചതെന്നു അറിയില്ല. ഇതിനു കാരണം വിശദീകരിക്കേണ്ടത് അപ്റ്റണ്‍ തന്നെയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ദ്രാവിഡുമായി തനിക്ക് ഒരു ശത്രുതയുമില്ലെന്നും അദ്ദേഹത്തോടു താന്‍ തട്ടിക്കയറാന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീ വ്യക്തമാക്കി. ദ്രാവിഡിനെപ്പോലെ ഒരാളോട് ബഹുമാനമില്ലാതെ താന്‍ പെരുമാറില്ല. മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. സിഎസ്കെയ്ക്കെതിരായ കളിയില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ ദേഷ്യം വന്നിരുന്നുവെന്നത് സത്യമാണ്. അതിന്റെ കാരണം മാത്രമേ താന്‍ അന്നു ചോദിച്ചിരുന്നുള്ളൂവെന്നും ശ്രീശാന്ത് വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: