കൂട്ടാലിട: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്കാന് വീണ്ടും സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് 20ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം ലഭിച്ചു. കഴിഞ്ഞ മാസം 18ന് നടന്ന ഹിയറിങ്ങിന്റെ മിനുട്സിന്റെ കോപ്പിയും സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്.
വളരെ വിചിത്രമായ രണ്ട് കാര്യങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെങ്ങോടുമലയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കുടിവെള്ള ടാങ്ക് ക്വാറി കമ്പനി തകര്‍ത്തിരുന്നു. ഇതിനെതിരെ നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി ഗ്രാമ പഞ്ചായത്തിനോട് ടാങ്ക് നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ടാങ്ക് തങ്ങളുടേതല്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് പഞ്ചായത്തിന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി. ഈ നിര്‍ദ്ദേശം പാലിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ലെന്ന് മാത്രമല്ല ചീഫ് സെക്രട്ടറിക്കെതിരെ പ്രസിഡന്റ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസിന് ചെലവായ തുക പഞ്ചായത്ത് ഫണ്ടില്‍ നിന്ന് എടുക്കരുതെന്നും ഭരണ സമിതി വഹിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. കൂടാതെ ടാങ്ക് തങ്ങളുടേതല്ലെന്ന് ഹൈക്കോടതിയെ വീണ്ടും അറിയിക്കാനും മിനുട്സില്‍ പറയുന്നു.
ജയ്പൂര്‍ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനി തയ്യാറാക്കിയ പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് സമര്‍പ്പിച്ചിരിക്കുകയുമാണ്. ഇതു തന്നെ ഏകജാലക ബോര്‍ഡിന്റേയും ക്വാറി കമ്പനിയുടേയും കള്ളക്കളിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യം നല്കിയ പാരിസ്ഥിതികാനുമതി ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മരവിപ്പിച്ചിരുന്നു. കൂടാതെ സമരസമിതി ഹൈക്കോടതിയില്‍ നല്കിയ കേസിനെ തുടര്‍ന്നും ഇത് റദ്ദാക്കി. എന്നാല്‍ വീണ്ടും ചീഫ് സെക്രട്ടറി ഇടപ്പെട്ടതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. മന്ത്രി ടി.പി. രാമകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ ചെങ്ങോടുമല സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയത് പാലിക്കപ്പെടുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
ഈ ക്വാറിക്ക് വേണ്ടി ഇത് അഞ്ചാം തവണയാണ് ചീഫ് സെക്രട്ടറിയുടെ അനധികൃത ഇടപെടലെന്ന് സമരസമിതി ആരോപിച്ചു. ഈ മാസം 31 ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഈ കോവിഡ് കാലത്ത് അനുമതി കൊടുക്കാന്‍ ധൃതി കാണിക്കുന്നത് ക്വാറി മുതലാളിയുമായുള്ള അവിഹിത ബന്ധമാണ് കാണിക്കുന്നതെന്നും സമരസമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: