മൂന്നാര്‍: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന്റെ രണ്ടാം നില നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മൂന്നാര്‍ ഇക്കാനഗറിലുള്ള വീടിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുമതി വാങ്ങിക്കാതെ നടന്ന് വരുന്നതായി കണ്ടതോടെ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.
ഇന്നലെ രാവിലെ വില്ലേജ് ഓഫീസറാണ് നേരിട്ടെത്തി ഇത് കൈമാറിയത്. നടത്തി വന്നിരുന്ന നിര്‍മ്മാണങ്ങളെക്കുറിച്ചും ഭൂമിയുടെ പട്ടയെത്തിക്കുറിച്ചും വിശദമായ അന്വേഷണങ്ങള്‍ നടത്താനും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിനെ അനുമതി വേണമെന്നിരിക്കെയായിരുന്നു എംഎല്‍എ തന്നെ ഇത് ലംഘിച്ചത്. പട്ടയമില്ലാത്ത സ്ഥലത്തിന് കൈവശാവകാശം അരുണ്‍ സെക്കറിയ എന്നയാളുടെ പേരിലാണ്.
വീടിന് മുകളിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ ഷീറ്റുകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. രണ്ടാം നിലയുടെ നിര്‍മ്മാണത്തിനാവശ്യമായ രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധമായ രേഖകള്‍ ഹാജരാക്കുവാന്‍ എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. മൂന്നാറിലെ ഇക്കാനഗറിലുള്ള സര്‍വ്വേ നമ്പര്‍ 912 ല്‍ പ്പെടുന്ന സ്ഥലത്തുള്ള എട്ട് സെന്റ് ഭൂമിയിലാണ് എംഎല്‍എയുടെ വീട് നിലനില്‍ക്കുന്നത്.
അതേ സമയം വീടിന്റെ ചോര്‍ച്ച അടക്കുന്നതിനാണ് ഷീറ്റിടാന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വാദം. ഇക്കാര്യങ്ങളടക്കം പരിശോധിച്ച ശേഷം സ്‌റ്റോപ്പ് മെമ്മോ പിന്‍വലിച്ച് നിര്‍മ്മാണത്തിന് അനുവാദം നല്‍കാനുള്ള അവകാശം ജില്ലാ കളക്ടര്‍ക്കാണ്.
കെട്ടിടം കയ്യേറ്റ ഭൂമിയില്‍
വിവാദങ്ങളൊഴിയാതെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട്. ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്‍ വീട് വച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന നേരത്തെ കണ്ടെത്തിയിരുന്നു. 2013ലാണ് ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ എസ്. രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. പേരില്‍ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് വീട് വയ്‌ക്കാനുള്ള ഫയല്‍ തീര്‍പ്പാക്കിയത്. ഇതേത്തുടര്‍ന്നാണ് കയ്യേറ്റ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചത്.
ഇതിന് തൊട്ടടുത്ത് എംഎല്‍എയുടെ സഹോദരന്‍ കതിരേശനും വീട് വച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ആധികാരികത തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. മൂന്നാറിലെ ഭൂപ്രശ്നം വന്നപ്പോഴൊക്കെ ഈ വീടും വിവാദങ്ങളിലകപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലം മണ്ണിട്ടു നിരത്തിയതോടെ വിവാദങ്ങള്‍ ശക്തമായി. 2019ല്‍ അന്ന് ദേവികുളം സബ്കളക്ടര്‍ ആയിരുന്ന രേണുരാജ് ഇതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ വിവാദങ്ങള്‍ തണുത്തുവരുന്നതിനിടയിലാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: