മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസനായകനും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസി. ഫിനിഷറെന്ന നിലയില്‍ ധോണിയെപ്പോലെ കഴിവുള്ള മറ്റൊരാളെ താന്‍ ഇതുവരെ കണ്ടിട്ടില്ല. സാഹചര്യം മനസ്സിലാക്കാനും അതിന് അനുസരിച്ച് കണക്കുകൂട്ടലുകള്‍ നടത്തി തീരുമാനങ്ങളെടുക്കാന്‍ ധോണിയെപ്പോലെ മിടുക്കനായ മറ്റൊരാളില്ലെന്നു ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് നായകന്‍ കൂടിയായ ഡുപ്ലെസി പറയുന്നു. ബംഗ്ലാദേശിന്റെ ഏകദിന ക്യാപ്റ്റനും ഓപ്പണറുമായ തമീം ഇക്ബാലുമായുള്ള ഫെയ്‌സ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷര്‍ക്കൊപ്പം താന്‍ കളിച്ചിട്ടില്ല. ഫീല്‍ഡില്‍ സൈഡിലിരുന്ന് ധോണിയുടെ കളി കാണുകയെന്നത് വലിയ അനുഭവം തന്നെയാണെന്നും ഡുപ്ലെസി വ്യക്തമാക്കി. മറ്റൊരാള്‍ ധോണിയെപ്പോലെ കളിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനു കഴിയില്ല. കാരണം ധോണി ഒന്നു മാത്രമേയുള്ളൂ. വളരെ ലേറ്റായി പന്ത് ടൈം ചെയ്യുന്ന, അദ്ദേഹം അസാധാരണമാംവിധത്തില്‍ കൂളുമാണ്. സ്വന്തം ഗെയിമിനെക്കുറിച്ച് നന്നായി അറിയുന്ന ധോണി ബൗളറെ തിരഞ്ഞെടുത്തു പ്രഹരിക്കുന്നതിലും മിടുക്കനാണെന്നു ഡുപ്ലെസി വിശദമാക്കി.
മറ്റൊരു താരത്തെ നന്നായി പഠിച്ചെടുക്കാന്‍ ധോണിക്കു സാധിക്കും. അതിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ അദ്ദേഹം കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. അസാധാരണമായ ധൈര്യവും ധോണിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ഇതു തന്നെയാണ് ധോണിയുടെ ഏറ്റവും വലിയ കരുത്തെന്നും ഡുപ്ലെസി അഭിപ്രായപ്പെട്ടു.
2011ലാണ് ഡുപ്ലെസി സിഎസ്‌കെയിലെത്തിയത്. തുടര്‍ന്നു 2015 വരെ അദ്ദേഹം സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്നു. 2018ലെ ലേലത്തില്‍ ഡുപ്ലെസിയെ സിഎസ്‌കെ വീണ്ടും ടീമിലേക്കു കൊണ്ടു വരികയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിലും വളരെ വ്യത്യസ്തനാണ് ധോണിയയെന്നു ഡുപ്ലെസി അഭിപ്രായപ്പെട്ടു. ടീം മീറ്റിങ് അടക്കമുള്ളവയില്‍ താരങ്ങളോട് വളരെയധികം സംസാരിക്കുന്നയാളാണ് മികച്ച ക്യാപ്റ്റനെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റിച്ചത് ധോണിയാണ്. ഒരു പാട് ടീം മീറ്റിങ് വിളിക്കുന്നതിനോടൊന്നും ധോണി യോജിക്കുന്നില്ല. വളരെ സ്വാഭാവികമായ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. നല്ലൊരു ക്രിക്കറ്റ് ബ്രെയ്നും അദ്ദേഹത്തിനുണ്ട്. ഫീല്‍ഡില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇത് ധോണിയെ സഹായിക്കുന്നതായും ഡുപ്ലെസി വ്യക്തമാക്കി.
ധോണി, സ്റ്റീഫന്‍ ഫ്ളെമിങ് എന്നിവരോടൊപ്പം സിഎസ്‌കെയില്‍ പ്രവര്‍ത്തിക്കാനായത് ഭാഗ്യമായിട്ടാണ് കാണുന്നത്. നായകന്റെ കോണില്‍ നിന്നു നോക്കിയാല്‍ പലതും പഠിക്കാന്‍ കഴിഞ്ഞത് സിഎസ്‌കെയില്‍ വച്ചാണ്. ധോണിയും ഫ്ളെമിങും മഹാന്‍മാരായ ക്യാപ്റ്റന്‍മാരാണെന്നും കഴിയാവുന്നത്രയും കാര്യങ്ങളില്‍ അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഡുപ്ലെസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: