കാസര്‍കോട്: ഗോവയില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജനയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജന കോളേജില്‍ സെന്റോഫിന് പോയപ്പോള്‍ അവിടെ വച്ചാണ് കോഴിക്കോടുള്ള സുഹൃത്തുക്കള്‍ കൂട്ടികൊണ്ടുപോയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ജനയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിനല്‍കിയപ്പോള്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരായിരുന്നു. അഞ്ജന തന്റെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞ് കോടതിയുടെ അനുമതിയോടെ കൂട്ടുകാരികള്‍ക്കൊപ്പം പോവുകയായിരുന്നു. അന്ന് മുന്‍ നക്‌സല്‍ നേതാവ് കെ. അജിതയുടെ മകളായ ഗാര്‍ഗിയാണ് അഞ്ജനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് പോലീസിന് രേഖാമൂലം എഴുതി നല്‍കി കൂട്ടി കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു അഞ്ജന ഗോവയില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിനു സമീപമുള്ള ഗാര്‍ഡനിലാണ് മരിച്ചനിലയില്‍ അഞ്ജനയെ കണ്ടെത്തിയത്. ക്യുയര്‍ കമ്യൂണിറ്റി, സ്റ്റുഡന്‍സ് എന്‍പയോര്‍മെന്റ് ഫെഡറേഷന്‍ തുടങ്ങിയ പുരോഗമന സംഘടനകളുടെ സജീവപ്രവര്‍ത്തകയായിരുന്നു അഞ്ജന.
മുമ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഞ്ജന വീട്ടിലേക്ക് വന്ന സമയത്ത് വീട്ടുകാര്‍ അവളെ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കിയിരുന്നു. അന്ന് അഞ്ജനയെ തിരഞ്ഞെത്തിയ കൂട്ടുകാര്‍ തളിപ്പറമ്പ് മാവിച്ചേരിയുലുള്ള അമ്മമ്മയുടെ വീടാക്രമിക്കുകയും ജനല്‍ ചില്ലുകളും മറ്റും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബന്ധുക്കളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത അഞ്ജന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരെയും ഫോണ്‍ വിളിക്കുകയും തന്നെ ഗോവയില്‍ വന്ന് കൂട്ടികൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. തന്നെ രക്ഷിക്കണം, അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചു കൊള്ളാം, കൂട്ടുകാരെല്ലാം ചേര്‍ന്ന് ചതിക്കുകയായിരുന്നു എന്നൊക്കെ ഫോണ്‍ വിളിച്ച് പറഞ്ഞതായി അഞ്ജനയുടെ വീട്ടുകാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: