ന്യൂദല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തിന് പണം കണ്ടെത്താന്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 1000 കോടി രൂപ നല്‍കാനുള്ള തീരുമാനം പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പല സംസ്ഥാനങ്ങള്‍ക്കും ആശ്വാസമാകും. ഫണ്ടില്‍ നിന്ന് 3100 കോടി രൂപയാണ് അടിയന്തരമായി ചെലവിടുക.
ആയിരം കോടി രൂപ, ഇതര സംസ്ഥാനത്തൊഴിലാളികളുടെ താമസം, ഭക്ഷണം, ചികിത്സ, അവരെ നാടുകളില്‍ മടക്കിയെത്തിക്കാനുള്ള യാത്രാച്ചെലവ് എന്നിവയ്‌ക്ക് ഉപയോഗിക്കാം. സംസ്ഥാനങ്ങളിലെ ജനസംഖ്യ, കൊറോണ രോഗികളുടെ എണ്ണം തുടങ്ങിയവ വിലയിരുത്തിയാണ് നല്‍കേണ്ട തുക നിശ്ചയിക്കുക.
സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ വഴി ജില്ലാ ഭരണകൂടങ്ങള്‍ക്കാണ് പണം നല്‍കുക. രണ്ടായിരം കോടി രൂപ ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ഉപയോഗിക്കും. ഇവ കൊറോണ ചികത്സാ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കും. ഇതും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സഹായകമാകും. വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് കൊറോണ ചികിത്സാകേന്ദ്രങ്ങളാണുള്ളത്. അവയ്‌ക്കായി 50,000 വെന്റിലേറ്ററുകളാണ് വാങ്ങുക.
കൊറോണയ്‌ക്കെതിരായ മരുന്ന് വികസിപ്പിക്കാന്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കുമാണ് 100 കോടി നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേശകന്റെ മേല്‍നോട്ടത്തിലാകും പണം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: