ന്യൂദല്‍ഹി: കൊറോണ, ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ വരുമാനം പൂര്‍ണമായും നിലച്ച്, ആശ്രയമറ്റ കര്‍ഷകര്‍ക്കും ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും ജീവിതം തിരിച്ചുപിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ചു. പലിശ കുറഞ്ഞ വായ്പകളായും സബ്സിഡികളായും പണമായും ഭക്ഷ്യ വസ്തുക്കളായുമാകും കേന്ദ്രസഹായം ഇവരുടെ കൈളില്‍ എത്തുക. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷംകോടിയുടെ ആത്മനിര്‍ഭര്‍ ഭാരതം പദ്ധതിയുടെ രണ്ടാം ഘട്ടമാണിതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചു.
കൈവിടില്ല വഴിയോര കച്ചവടക്കാരെ
പ്രതിസന്ധിയിലായ സാധാരണക്കാരില്‍ സാധാരണക്കാരാണ് വഴിയോര കച്ചവടക്കാര്‍. അവര്‍ക്കായി 5000 കോടിയുടെ പ്രത്യേക വായ്പാപദ്ധതി ഒരു മാസത്തിനകം ആരംഭിക്കും. 50 ലക്ഷത്തിലേറെപ്പേര്‍ക്കാണ് പ്രയോജനം ലഭിക്കുക. പാടെ മുടങ്ങിപ്പോയ വ്യാപാരം പുനരാരംഭിക്കാന്‍ ഇവര്‍ക്ക് പതിനായിരം രൂപ വീതം നല്‍കും. വായ്പ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സാമ്പത്തിക സമ്മാനങ്ങളും കൂടുതല്‍ മൂലധനവും ലഭ്യമാക്കും.
കര്‍ഷകരക്ഷ പ്രധാനം
മൂന്നു കോടി കര്‍ഷകര്‍ 4.22 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് മൂന്നുമാസത്തെ മൊറട്ടോറിയം നല്കി. വായപ കൃത്യമായി അടക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളും പലിശ കുറച്ചുനല്കുന്നതും മെയ് 31 വരെ നീട്ടി. 2.5 കോടി കര്‍ഷകര്‍ക്കായി രണ്ടു ലക്ഷം കോടി രൂപ കുറഞ്ഞ പലിശക്ക് വായ്പ നല്‍കും. പു
തുതായി ആറരക്കോടി ജനങ്ങള്‍ക്കു കൂടി കിസാന്‍ കാര്‍ഡ് നല്‍കും. മത്സ്യത്തൊഴിലാളികള്‍, കന്നുകാലി വളര്‍ത്തല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ ലഭ്യമാക്കും.
പ്രതിസന്ധിയിലായ നാമമാത്ര, ചെറുകിട കര്‍ഷകര്‍ക്ക് 30,000 കോടി അധികമായി വായ്പ്പ നല്‍കും. എല്ലാ വര്‍ഷവും നല്കുന്ന 90,000 കോടി രൂപക്ക് പുറമെയാണ് ഇത്. ഈ തുക നബാര്‍ഡ് സംസ്ഥാന സഹ. ബാങ്കുകള്‍ക്കും ജില്ലാ സഹ. ബാങ്കുകള്‍ക്കും മറ്റും നല്‍കും. അവര്‍ ഇത് കര്‍ഷകര്‍ക്ക് വായ്പ്പയായി കൈമാറും. മൂന്നു കോടി ചെറുകിട കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം
ജോലിയും കൂലിയും നഷ്ടപ്പെട്ട , റേഷന്‍ കാര്‍ഡില്ലാത്ത ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക്, ഒരാള്‍ക്ക് അഞ്ചു കിലോ അരിയും ( ഗോതമ്പ്), ഒരു കിലോ കടലയും രണ്ടു മാസത്തേക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കും. എട്ടു കോടി തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ഇതിന് 3,500 കോടി രൂപയാണ് ചെലവിടുക. കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തി ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതല.
കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കും. രാജ്യത്തെവിടെ നിന്നും റേഷന്‍ വാങ്ങാന്‍ ഇതുവഴി സാധ്യമാകും. 23 സംസ്ഥാനങ്ങളിലെ 67 കോടി ഗുണഭോക്താക്കള്‍ക്കായി (ആകെ കാര്‍ഡുകളുടെ 83%) ആഗസ്റ്റില്‍ ഇത് നടപ്പാക്കും. 2021 മാര്‍ച്ചോടെ മുഴുവന്‍ കാര്‍ഡുടമകളും ഈ സംവിധാനത്തിന് കീഴിലാകും.ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും നഗരങ്ങളിലെ ദരിദ്രര്‍ക്കും താങ്ങാനാവുന്ന വാടകയ്ക്ക് താമസ സൗകര്യം ഒരുക്കും.
അഭയ കേന്ദ്രങ്ങള്‍ ഒരുക്കാനും ഭക്ഷണവും വെള്ളവും നല്‍കാനും സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്ക് 11,002 കോടി രൂപ ഏപ്രില്‍ 3ന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നഗരങ്ങളിലെ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് മൂന്ന് നേരം സൗജന്യ ഭക്ഷണം നല്കി. സ്വന്തം നാടുകളിലേക്ക് മടങ്ങിയ തൊഴിലാളികളെ സഹായിക്കാന്‍ അവരെ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി, മെയ് 13 വരെ 1.87 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ 14.62 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഇതിന് 10,000 കോടി രൂപ ചെലവിട്ടു.
പത്തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഇഎസ്ഐ നടപ്പാക്കും. പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കും ഇഎസ്ഐ നടപ്പാക്കാവുന്നതാണ്. മിനിമം വേതനം ഉറപ്പാക്കും. നിയമങ്ങളില്‍ ഭേദഗതി വരുത്തും.
മുദ്രയ്ക്ക് പലിശയിളവ്
മുദ്രശിശു വായ്പ എടുത്ത മൂന്നുകോടി ചെറുകിട സംരംഭകര്‍ക്ക് (50,000 രൂപവരെയുള്ള വായ്പ) ഒരുവര്‍ഷത്തേക്ക് 2% പലിശയിളവ് നല്‍കും. ഇതിന് 1,500 കോടി രൂപ അനുവദിച്ചു. 1.62 ലക്ഷം കോടി രൂപയാണ് മുദ്രാ വായ്പയായി നല്‍കിയിരിക്കുന്നത്.
വനം പരിപാലിക്കാന്‍ വനവാസികള്‍
വനവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 6,000 കോടി രൂപയുടെ പദ്ധതി.
ഉയരട്ടെ വീടുകള്‍
നിര്‍മ്മാണ മേഖലയെ ഉണര്‍ത്താന്‍ ഇടത്തരം വരുമാനക്കാരുടെ വീട് നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കും.അതിന് ഭവന വായ്പ്പാ പലിശക്കുള്ള സബ്സിഡി 2021 മാര്‍ച്ച് വരെ നീട്ടി. വായ്പ്പാ അടവില്‍ വലിയ കുറവുവരുമെന്നതിനാല് കൂടുതലാള്‍ക്കാര്‍ വീടു പണിയും. അങ്ങനെ 70,000 കോടി രൂപയുടെ നിക്ഷേപം കെട്ടിട നിര്‍മ്മാണ രംഗത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: