കാസര്‍കോട്: കാസര്‍കോട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയും കലാ-സാമൂഹികം-സാംസ്കാരികം ആരോഗ്യം-വിദ്യാഭ്യാസം-സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളിലെ ഉന്നമനവും ലക്ഷ്യമാക്കി ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് ഇന്നലെ ഇന്ന് നാളെ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
കാസര്‍കോട് ജില്ല പിറവി ദിനമായ മെയ് 24 ന് ബിജെപിയുടെയും വിവിധ മോര്‍ച്ചകളുടെയും ആഭിമുഖ്യത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ലോക് ഡൗണായതിനാല്‍ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് മാധ്യമപ്രവര്‍ത്തകരുമായി വെര്‍ച്വല്‍ പ്രസ്മീറ്റ് വഴിയാണ് ശ്രീകാന്ത് ആശയവിനിമയം നടത്തിയത്. ഒരു മാസം നീണ്ടു നില്ക്കുന്ന പരിപാടികളില്‍ ജില്ലയുടെ വികസന ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥയും പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്ന രീതിയില്‍ പ്രചാരണം സംഘടിപ്പിക്കും.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ജില്ലയിലെ പ്രമുഖരെ ആദരിക്കല്‍, സോഷ്യല്‍ മീഡിയ വഴി പ്രധാന വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് സംവാദങ്ങള്‍, ക്രിയാത്മക നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും സ്വീകരിച്ച് നടത്തുന്ന മാസ്സ് ക്യാംപയിനിംഗ്, ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക വ്യവസായ തൊഴില്‍ പാരിസ്ഥിതിക മേഖലകളിലെ നാം കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും പിന്നോക്കാവസ്ഥയും പരിഹരിക്കാനുതകുന്ന തരത്തില്‍ പ്രമുഖരെ ഉള്‍പ്പെടുത്തി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയും ജില്ലാ പിറവി ആഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടിയുടെയും, മോര്‍ച്ചകളുടെയും നേതൃത്വത്തില്‍ നടക്കും. കാസര്‍കോടിന്റെ തനത് പ്രത്യേകതകളും സംസ്കാരവും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അറിയപ്പെടാതെ കിടക്കുന്ന വ്യക്തിത്വങ്ങളെ കണ്ടെത്തി ആധുനിക സാങ്കേതി വിദ്യകളുടെ നൂതന സാധ്യതകള്‍ ഉപയോഗിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളും പ്രചരണപരിപാടികളുടെ ഭാഗമായി നടക്കും.
ലോക് ഡൗണ്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് ഒരു മാസം നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: