പറവൂര്‍: കൂനമ്മാവ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അധ്യാപികമാരെ പിരിച്ച് വിട്ട സംഭവം വിവാദമാകുന്നു. പതിനൊന്ന് വര്‍ഷമായി സ്കൂളില്‍ പഠിപ്പിക്കുന്ന ബയോളജി അധ്യാപിക രൂപ ദാസ്, മലയാളം അധ്യാപികയായ മേരി ഷിനി, രണ്ട് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന സോവിന അനില്‍ എന്നിവരെയാണ് ഏപ്രില്‍ മാസം മുതല്‍ പിരിച്ച് വിട്ടതായി കാണിച്ച് മാനേജ്മെന്റ് കത്തയച്ചിരിക്കുന്നത്. മാനേജ്മെന്റുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് പിരിച്ച് വിടലിന് കാരണമെന്നാണ് സൂചന.
2018-2019 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം. എളുപ്പത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി സ്കൂളില്‍ പഠിപ്പിക്കുന്ന വിഷയം അധ്യാപികമാരോട് മൈക്രോ യൂണിറ്റാക്കി ത്രീക്യു മെന്റ്റേര്സ് എന്ന സ്വകാര്യ സോഫ്റ്റ്വെയര് കമ്പനിക്ക് അയച്ചു കൊടുക്കാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് അധ്യാപകര്‍ സമ്മതിച്ചില്ല. ഇതോടെ പ്രിന്‍സിപ്പലും, മാനേജ്മെന്റും അധ്യാപകര്‍ക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ പ്രതിഷേധിച്ചു. നേതൃത്വം നല്കിയ അധ്യാപികമാരെ തിരഞ്ഞ് പിടിച്ച് ഭീഷണിപ്പെടുത്തലും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് മോശമായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് അധ്യാപികമാര്‍ ജന്മഭൂമിയോടു പറഞ്ഞു.
ഏപ്രില്‍ മാസത്തില്‍ ലോക്ഡൗണ്‍ സമയത്ത് അധ്യാപികമാരെ പുറത്താക്കിയെന്ന് പറയുന്നതെങ്കിലും മെയ് നാലിനാണ് ഉത്തരവ് തീയതി വെച്ചിരിക്കുന്നത്. അധ്യാപികമാരെ സ്കൂളില്‍ നിന്ന് പുറത്താക്കിയ സംഭവമറിഞ്ഞ വിദ്യാര്‍ത്ഥികള്‍ എബിവിപിയും അണ് എയ്ഡഡ് അധ്യാപക സംഘടകളുമായും ബന്ധപ്പെട്ട് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. അധ്യാപകരെ അന്യായമായി പിരിച്ച് വിട്ട സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ലോക്ഡൗണിന് ശേഷം സ്കൂള്‍ ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് എബിവിപി നേതാക്കളായ സഞ്ചു പ്രകാശ്, പ്രഖ്യാത് ഭട്ട്, കെ.എസ്. ഗൗതം എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: