കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത് വെറും കാര്‍ഷിക പാക്കേജല്ല, മറിച്ച് സമഗ്രമായ സാമൂഹ്യസുരക്ഷാ പാക്കേജ് എന്നാണ് വിശേഷിപ്പിക്കേണ്ടണ്ടത്. രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് മനസിലാക്കി രാജ്യത്ത് വന്‍ മുന്നേറ്റത്തിന് ഇടയാക്കുന്ന പാക്കേജാണിത്. കാര്‍ഷികരംഗത്ത് ഉണര്‍വേകാനായി നല്ല ശ്രമമാണ് നടത്തിയിരിക്കുന്നത്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് ആറരക്കോടി കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയതോടെ കാര്‍ഷികരംഗത്ത് രാജ്യം വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും. നിലവില്‍ രണ്ടര കോടി കര്‍ഷകര്‍ക്കാണ് കിസാന്‍ കാര്‍ഡിന്റെ പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒന്‍പത് കോടി കര്‍ഷകരിലേക്ക് എത്തുക എന്നത് കാര്‍ഷിക രംഗത്ത് പ്രവചനാതീതമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും. അതില്‍ മത്സ്യത്തൊഴിലാളികളെയും കന്നുകാലി വളര്‍ത്തുന്നവരെയും ഉള്‍പ്പെടുത്തി. കാര്‍ഷിക മേഖല എന്നത് മത്സ്യ-ക്ഷീരമേഖല കൂടി ചേര്‍ന്നതോടെ സ്വയംപര്യാപ്തതിയില് രാജ്യത്തെ എത്തിക്കുക എന്നതാകാം ലക്ഷ്യംവയ്ക്കുന്നത്.
കാര്‍ഷിക മേഖലയ്ക്കും മത്സ്യ-ക്ഷീരമേഖലയ്ക്കും വലിയ ഇളവുകളാണ് ഇനി ലഭ്യമാകുക. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം. കേരളത്തില്‍ ഇത്തരം ചെറുകിട കര്‍ഷകരാണ് അധികവും. ഇപ്പോള്‍ പുഞ്ചകൃഷി കഴിഞ്ഞവര്‍ക്കും സഹായം ലഭിക്കും എന്നതും എറെ ശ്രദ്ധേയമാണ്. കൃഷി ചെയ്യാനായി സഹകരണ ബാങ്കുകള്‍ വഴി 30,000 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇത് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. ഇത് തരിശ് ഭൂമി കൃഷി ഇടങ്ങളായി മാറാന്‍ സഹായിക്കും. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭൂമി പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. കൃഷി സംസ്ഥാന വിഷയമായതിനാല്‍ കാര്‍ഷിക വികസനവുമായുള്ള പദ്ധതിക്ക് വേണ്ടത്ര സഹായം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കാം. അഞ്ച് ഹെക്ടറിന് താഴെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് അടുത്ത കൃഷിക്ക് പണം അന്വേഷിച്ച് നടക്കേണ്ട. അതിനുള്ള പണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്കുന്നു പണം കയ്യില്‍ കൊടുക്കാതെ തന്നെ എല്ലാവരെയും സഹായിക്കുക എന്ന ക്രിയാത്മക പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.
മഹാദുരന്തത്തെ അവസരമാക്കി മുന്നോട്ടു നടക്കാനുള്ള പുതിയ കാല്‍വയ്പാണ് പാക്കേജില്‍ ഉള്ളത്. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് കൂടുതല്‍ സഹായകരമാകുമെന്നതില് സംശയമില്ല. കാര്‍ഷിക രംഗത്തു ഏറെ പ്രയത്നിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാന്യത നല്കുന്ന നിര്‍ദ്ദേശങ്ങളും പാക്കേജിന്റെ സവിശേഷതയാണ്. രാജ്യത്തിന്റെ ഏതറ്റത്ത് പോയാലും ഒരു തൊഴിലാളിയും പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കുന്ന ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയും കൃഷിയെ പ്രോത്സാഹിപ്പിക്കും. പാസ്പോര്‍ട്ട് പോലെ റേഷന്‍ കാര്‍ഡും രാജ്യം മുഴുവന്‍ ഉപയോഗിക്കാവുന്നതിലുടെ ഒരാളും അന്യനാട്ടില്‍ പോയി പട്ടിണിക്കിടക്കേണ്ടി വരില്ലെന്ന് പാക്കേജ് ഉറപ്പ് നല്കുന്നു.
ഇത് സാമൂഹ്യസുരക്ഷ പാക്കേജാണ് ഇന്ത്യക്കാരനായാല്‍ എവിടെയും ഭക്ഷണം കിട്ടും. എല്ലാവര്ക്കും പ്രയോജനം കിട്ടുന്നതാണ്. നമ്മള് ഭാരതത്തിലെവിടെയായാലും ഭക്ഷണക്കാര്യത്തില്‍ ഉറപ്പ് നല്‍കുകയാണ്. രാജ്യത്തെ 90 ശതമാനക്കാര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന ഒരു വലിയ പദ്ധതിയാണിത്. കുടിയേറ്റത്തൊഴിലാളിക്ക് ഭക്ഷ്യസുരക്ഷ ഒരുക്കുക എന്നത് ചെറിയ കാര്യമല്ല. വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം തയാറെടുക്കുന്നതെന്ന് വേണം മനസിലാക്കാന്‍. 67 കോടി ആള്‍ക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി 83 ശതമാനം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുവെന്നത് മറ്റു രാജ്യങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും ഒരു പക്ഷേ കഴിയില്ല.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതും കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകും. എല്ലുമുറിയെ പണി ചെയ്തശേഷം ഒന്ന് തലചായ്ക്കാന്‍ ഇടമില്ലാത്ത മറുനാടന്‍ തൊഴിലാളിക്ക് നാമമാത്ര വാടകക്ക് താമസ സൗകര്യം ഒരുക്കുന്നുവെന്നത് കൂടുതല്‍ ആശ്വാസകരമാണ്. തൊഴിലാളികള്‍ക്ക് കൂടുതല്‍ മാന്യത നല്‍കുന്നതാണ്.
മുദ്ര ലോണിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് കുറഞ്ഞ പലിശ നിരക്കില്‍ വിതരണം ചെയ്യുന്നത്. മൂന്ന് കോടി പേര്‍ക്ക് പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. ഈ വര്‍ഷം മുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട, മുദ്ര ലോണിന് രണ്ടു ശതമാനം പലിശകുറച്ചത് ഏറെ ആശ്വാസകരമാണ്.വ്യവസായ, കച്ചവടമേഖലയ്ക്ക് കൂടുതല്‍ കരുത്തേകും. വഴിയോര കച്ചവടക്കാര്‍ക്ക് 5000 കോടി രൂപ നീക്കിവച്ചത് ആരെയും മറന്നിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. അന്‍പത് ലക്ഷം പേര്‍ക്ക് പതിനായിരം രൂപ വീതം ലഭിക്കും ഇടത്തരക്കാര്‍ക്ക് സബ്സിഡിയോടു കൂടി വീടുവയ്ക്കാന്‍ വായ്പ നല്‍കും. അന്പത്തിഅഞ്ചര ലക്ഷം പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. ഇത് നിര്‍മാണമേഖലയില്‍ ഉണര്വുണ്ടാക്കുമെന്നതില് സംശയമില്ല. ഇത് ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ സഹായകരമാകും.
വനവാസികള്‍ക്കായി ആറായിരം കോടിയാണ് നീക്കിവെച്ചത്. വനങ്ങള്‍ വച്ച് പിടിപ്പിക്കുക, പ്രകൃതി സംരക്ഷണം എന്നിവയ്ക്കായാണ് പണം അനുവദിക്കുക. ഇത് വനവാസി മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം, അവരെ കൃഷി മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ അവസരമൊരുക്കും.
ഡോ.കെ.ജി. പത്മകുമാര്‍
(പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: