കൊറോണാ ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് അവതരിപ്പിച്ച പ്രവര്‍ത്തന പാക്കേജ് കേരളത്തിനിത് മികച്ച അവസരം, പക്ഷേ, വിനിയോഗിക്കുമോ എന്നതാണ് വിഷയം.
കേരളത്തിന് ഘനവ്യവസായങ്ങള്‍ പറ്റില്ല; ഭൂമി ലഭ്യത, ഊര്‍ജപ്രശ്നം, അടിസ്ഥാന സൗകര്യക്കുറവ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്നിവ പ്രശ്നമാണ്. പക്ഷേ, സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കേരളത്തിലെ സാധ്യത അനന്തമാണ്. എന്നാല്‍, കേരളത്തിന് എംഎസ്എംഇ നയമില്ല. സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും പിറന്നിട്ട് 64 വര്‍ഷം കഴിഞ്ഞിട്ടും, അയല്‍ സംസ്ഥാനങ്ങളുള്‍പ്പെടെ പുതിയ സംസ്ഥാനങ്ങള്‍വരെ നയം രൂപീകരിച്ചിട്ടും കേരളത്തിന് അങ്ങനെയൊരു നയമില്ല. അതായത് സംസ്ഥാനത്തെ 80 ശതമാനം വരുന്ന വ്യവസായ സംരംഭകരുടെ കാര്യത്തില്‍ സര്‍ക്കാരുകളുടെ ഇക്കാലംവരെയുള്ള ശ്രദ്ധ അത്രയ്ക്കുണ്ട്. പക്ഷേ…
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ പദ്ധതിയില്‍ എംഎസ്എംഇക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നത് മൂന്നുലക്ഷം കോടി രൂപയാണ്. റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തെ ചെറുകിട വ്യവസായ മേഖലയ്ക്ക് സാമ്പത്തിക സഹായം നല്കാന് 1990 ല്‍ സ്ഥാപിച്ച സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) രാജ്യത്തെമ്പാടുമായി 30 വര്‍ഷത്തിനിടെ കൊടുത്ത വായ്പാ സഹായം 1,55,801 കോടി രൂപമാത്രമാണ്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ധനമന്ത്രി നി
ര്‍മല സീതാരാമന് പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വലുപ്പവും വ്യാപ്തിയും ഗൗരവവും ആ നിലയില്‍ വേണം കാണാന്‍. അതായത് വലിയൊരു പ്രാദേശിക-ഗ്രാമീണ വിപ്ലവത്തിന്റെ തുടക്കമാണിത്. അറിയേണ്ടത് കേരളം ഈ അവസരം ശരിയായി വിനിയോഗിക്കുമോ എന്നാണ്. ‘എന്തിന് ഈ പദ്ധതി, ആകെയുള്ള 130 കോടി ജനങ്ങള്‍ക്ക് ഓരോ കോടി രൂപകൊടുത്താല്‍ പോരേ, എന്തിന് 20 ലക്ഷം കോടി രൂപ. ഇത് കണക്കുകൊണ്ടുള്ള കളിമാത്രമല്ലേ’ എന്നു ചോദിക്കാന്‍ സംസ്ഥാനത്ത് ചിലരെ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ചവരില്‍ സംസ്ഥാനത്തെ ധനമന്ത്രിയെപ്പോലുള്ളവരുമുണ്ട്.
എന്നാല്‍, പ്രളയം പോലെ വലിയ പ്രതിസന്ധികള്‍ മൂലമോ മറ്റോ ഇടയ്ക്ക് തളര്‍ന്ന വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ പോലെ പുതുതായി തുടങ്ങാനിരിക്കുന്ന സംരംഭങ്ങള്‍ക്കും സഹായം കിട്ടുന്നതാണ് കേന്ദ്ര പദ്ധതി. ഇതിനെല്ലാം വ്യക്തികള്‍ക്ക് നേരിട്ട് കിട്ടുന്ന സാമ്പത്തിക സഹായങ്ങള്‍ക്കു പുറമേ സംസ്ഥാനത്തിനുംസഹായം ലഭ്യമാക്കുന്ന ‘ ഫണ്ട് ഓഫ് ഫണ്ട്സിന്റെ’ പ്രഖ്യാപനവും സേവന മേഖലയും നിര്‍മാണമേഖലയും തമ്മില്‍ ഭേദമില്ലാതാക്കു ന്ന ‘ടേണോവര്‍-നിക്ഷേപങ്ങളുടെ യോജിപ്പിക്കലും’ വലിയ നയംമാറ്റമാണ്. അതനുസരിച്ച് സംസ്ഥ ാന സര്‍ക്കാര്‍ നയവും നിലപാടും എടുക്കേണ്ടതുണ്ട്.
ആഗോള ടെന്‍ഡറുകള്‍ക്കുള്ള നിയന്ത്രണം, ഇന്ത്യന്‍ പണം വിദേശരാജ്യങ്ങളിലെ വമ്പന്‍ കമ്പനികള്‍ കൈക്കലാക്കുന്നത് തടയുന്നു. സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് നിക്ഷേപ പരിധി 20 ലക്ഷമായിരുന്നത് ഒരു കോടിയും ഇടത്തരം വ്യവസായങ്ങളുടെ ഒരുകോടി പരിധി 10 കോടിയാക്കുകയും ചെയ്തതുവഴി ഇവിടത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലെത്താന്‍ അവസരമൊരുങ്ങുകയാണ്. ഇത് ഒരു ‘ക്വാണ്ടം ജംപാ’ണ്.
തമിഴ്നാടുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ചെറുകിട വ്യവസായ രംഗത്ത് വ്യക്തമായ പദ്ധതിയും ലക്ഷ്യവും നയവുമുണ്ട്. കേരളത്തില്‍ അതില്ലാത്തത് വലിയ അവസര നഷ്ടമാകും. ഇന്ന മേഖലയെന്നില്ല, എല്ലാ രംഗത്തും കേരളത്തിന് ഇത് അവസരമാണ്. കാരണം, ചെറുകിട വ്യവസായ രംഗത്ത് നമുക്ക് പാരമ്പര്യമുണ്ട്, സൗകര്യങ്ങളുണ്ട്, സാങ്കേതിക വിദ്യയുണ്ട്, മനുഷ്യശേഷിയുണ്ട്. ആധുനിക ഐടി സംവിധാനങ്ങളില്‍ സാങ്കേതികവിദ്യ വശമുള്ള യുവജനങ്ങളുണ്ട്. പക്ഷേ, എന്തുകൊണ്ട് നാം ഈ മേഖലയെ ശ്രദ്ധിക്കുന്നില്ല; ഇനി അതിജീവിക്കാന്‍ ഈ അവസരം വിനിയോഗിച്ചാല്‍ മതി.
സംസ്ഥാന സ്ഥാപനങ്ങള്‍ നിലപാടു മാറ്റണം
1. കേരളത്തിന് എംഎസ്എംഇ നയം കൊണ്ടുവരണം. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം ഉണ്ട്.
2. ചെറുകിട വ്യവസായ ഫണ്ട് സ്വരൂപി
ക്കണം. അത് ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കെഎഫ്സിയേയും വ്യവസായ വകുപ്പിനു കീഴിയുള്ള കെഎസ്ഐഡിസിയേയും ശക്തിപ്പെടുത്തണം. കെഎഫ്സി ലോണുകള്‍ 80 ശതമാനവും പോകുന്നത് റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, ക്വാറി വ്യവസായങ്ങള്‍ക്കാണ്. അതിനല്ല, കെഎഫ്സി രൂപംകൊടുത്തത്. ചെറുകിട വ്യവസായത്തെ സംരക്ഷിക്കാനാണ് കെഎസ്ഐഡിസിയുടെയും കെഎഫ്സിയുടെയും അടിസ്ഥാന ഉദ്ദേശ്യം. ഇപ്പോള്‍ നടക്കുന്ന സമ്പ്രദായം മാറണം.
3. പ്രധാനമന്ത്രി പറഞ്ഞ ലോക്കലിനും
വോക്കലിനും പുറമേ ഫോക്കല്‍ കൂടിയാകണം. വ്യക്തമായ ലക്ഷ്യം വേണം. അതിന്ന് സംസ്ഥാനത്തില്ല. അധികാരം വികേന്ദ്രീകരിച്ച് പഞ്ചായത്ത് തലത്തില്‍ വ്യവസായ ഹബ്ബുകള്‍ തുടങ്ങണം. അവ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രാദേശിക സമിതികള്‍ വേണം. അവയ്ക്ക് അധികാരം കൊടുക്കണം. വസ്തു ലഭ്യതയും വിപണന സാധ്യതയും സംബന്ധിച്ച പ്രാദേശിക സാധ്യതയറിഞ്ഞ് സമിതികള്‍ വേണം സംരംഭങ്ങള്‍ നിശ്ചയിക്കാന്‍.
4. സംസ്ഥാന തലത്തില്‍ ഇവയെ നിരീക്ഷിക്കാനും സഹായിക്കാനും കേന്ദ്രം തുറക്കണം. പ്രത്യേക ശൃംഖലയായി താഴേത്തട്ടില്‍വരെ പ്രവര്‍ത്തിക്കണം.
5. സംരംഭങ്ങള്‍ക്ക് നിലവില്‍ അമ്പതോളം അനുമതികള്‍ നേടണം. അവ ഏകജാലക സംവിധാനത്തില്‍ വാങ്ങിക്കൊടുക്കുന്നത് ഈ സമിതിയാകണം.
6. ഇതൊരു സ്ഥിരം സംവിധാനമാക്കാന്‍ ഹൈസ്കൂള്‍തലം മുതല്‍ ഇത്തരം പ്രാദേശിക സംരംഭങ്ങള്‍ക്കുള്ള സാധ്യതയും സാങ്കേതികതയും സംവിധാനവും സംബന്ധിച്ച അറിവുകള്‍ നല്‍കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
കെ.എം. നായര്‍
കെഎഫ്സി മുന്‍ എംഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക: