സൂറിച്ച്: മികച്ച ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ ഒഴിവാക്കാന്‍ ഫിഫ തീരുമാനിച്ചു. സെപ്തംബറില്‍ മിലാനിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാനിരുന്നത്. ലോകത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം പുരസ്കാരങ്ങള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
കൊറോണയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ലീഗുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാലാണ് പുരസ്കാരം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ഫിഫ വ്യക്തമാക്കി.
അതേസമയം വര്‍ഷംതോറും നല്‍കിവരുന്ന ബാലണ്‍ ഡി ഓര് പുരസ്കാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. 1956 മുതലാണ് ബാലണ്‍ ഡി ഓര് പുരസ്കാരം നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയുടെ ലയണല്‍ മെസിക്കാണ് ഈ പുരസ്കാരം ലഭിച്ചത്.
ലോകത്ത് കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ അണ്ടര്‍-17 വിനിതാ ലോകകപ്പും അണ്ടര്‍-20 ലോകകപ്പും നീട്ടിവച്ചിരിക്കുകയാണ്. ഡിസംബറില്‍ അബുദാബിയില്‍ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പ് ഇതു വരെ മാറ്റിവച്ചിട്ടില്ല. കൊറോണ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇതും മാറ്റിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: