ഹരിഭക്തിയുടെ തേജോവലയത്തില്‍ കാലാതീതമായ ജ്ഞാനപ്രഭവത്തിന്റെ യോഗാത്മകസാരമാണ് സദ്ഗുരു നാംദേവ്. മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ 1327 ലാണ് മഹാഗുരുവിന്റെ പിറവി. ഗോനാബായിയും ദാമോശേട്ടുവുമായിരുന്നു മാതാപിതാക്കള്‍. പുരാണകഥകളും സംന്യാസി വര്യന്മാരുടെ സമ്പര്‍ക്കവുമായി കുഞ്ഞുനാളിലേ നാംദേവിന്റെ ഹൃദയത്തില്‍ കൃഷ്ണഭക്തിയടെ ശ്യാമനക്ഷത്രമുദിച്ചു. കൊച്ചു നാംദേവ് പൂജാവേളയില്‍ കൃഷ്ണവിഗ്രഹത്തെ പാലുകുടിപ്പിച്ച ഐതിഹ്യകഥ പ്രസിദ്ധമാണ്. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ എട്ടാം വയസ്സിലാണ് നാംദേവ് വിവാഹിതനാകുന്നത്. ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.
ഖേചര്‍ എന്ന ശിവോപാസകനെയാണ് നാംദേവ് ഗുരുവായി സ്വീകരിച്ചത്. പിന്നീട് സംത് ജ്ഞാനേശ്വറിനെപ്പോലുള്ള യോഗിവര്യന്മാരേയും അദ്ദേഹം തന്റെ ആത്മീയയാത്രയുടെ വെളിച്ചമായി സ്വാംശീകരിക്കുകയായിരുന്നു. സംന്യാസിമാരൊത്തുള്ള തീര്ഥയാത്രയില് അറിവിന്റെ നിറവാകുകയായിരുന്നു നാംദേവ്. വിഠലഭക്തിയില്‍ ആമഗ്നനായി മറാഠിയില്‍ രചിച്ച സരളഭക്തി തുളുമ്പുന്ന ‘അഭജംഗുകള്‍’ സാധാരണഭക്തന്റെ ചിത്തവും ചിന്തയുമുണര്‍ത്തുന്നതായിരുന്നു. ഹിന്ദിയിലെഴുതിയ ഗീതകങ്ങളാകട്ടെ യോഗാത്മക വിഭൂതിയുടെ പ്രകാശം വിതറി.
നിര്‍ഗുണഭക്തിയുടെ സാന്ദ്രാനന്ദാവിഷ്ക്കാരമായ ‘വാര്‍ക്കരി സമ്പ്രദായ’ത്തിന്റെ പ്രചരണത്തിലും സാക്ഷാത്ക്കാരത്തിലും നിര്‍ണായകമായ പങ്കാണ് നാംദേവിനുള്ളത്. സിക്ക് മതഗ്രന്ഥമായ ‘ഗുരുഗ്രന്ഥ സാഹെബി’ല്‍ ഈ ഗുരുവിന്റെ അറുപത്തിയൊന്നു രചനകള്‍ ഉള്‍പ്പെടുത്തിയതായി കാണാം. സാഹസികങ്ങളും അതീതവുമായ സംഭവകഥകളും ഐതിഹ്യങ്ങളും നിറഞ്ഞതാണ് നാംദേവിന്റെ ജീവിതകഥയെങ്കിലും ആ യോഗിവര്യന് നേടിയെടുത്ത കവനസിദ്ധിയും ആത്മീയ ചൈതന്യവും ഭാരതീയ ഭക്തി പ്രസ്ഥാനത്തിന്റെ പ്രായോഗികമായ അമൃതവിദ്യയാണ്. ഹരിദ്വാര്‍ തുടങ്ങിയ തീര്‍ഥപഥങ്ങളിലൂടെയുള്ള സഞ്ചാരത്തിനൊടുവില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ പ്രകൃതി രമണീയമായ തടാകക്കരയിലുള്ള സ്വന്തം ആശ്രമത്തിലാണ് ഈ സാധുസത്തമന്‍ സമാധി പ്രാപിച്ചത്. ‘ഘമന്‍’ എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗ്രാമം ഇന്നും മാഘമാസത്തില്‍ നാംദേവിന് ഗുരുസമര്‍പ്പണത്തിന്റെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാറുണ്ട്.
കാലങ്ങളില്‍ വാര്‍ക്കരി സമ്പ്രദായം ക്ഷയിച്ചു പോയെങ്കിലും ജലന്ധര്‍, ഗുര്‍ദാസ്പൂര്‍, ഫിസാര്‍ എന്നീ ജില്ലകളില്‍ നാംദേവിന്റെ അനുയായികളേറെയുണ്ട്. ഭക്തിയുടെ ചിന്താപഥത്തില്‍ ആ ഋഷികവി തുറന്നിട്ടത് ജീവനതപസ്യയുടെ ചിരന്തന മൂല്യങ്ങളാണ്. ആത്മീയതയുടെ അഗാധനീലിമയില്‍ നാംദേവിന്റെ നാമം നാരായണ മന്ത്രം പോലെ കാലം ഉരുവിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: