ലക്നൗ: കൊറോണ വ്യാപനംമൂലം തകര്‍ന്ന സമ്പത്ത് വ്യവസ്ഥയെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക മാതൃക പിന്തുടര്ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് 2002 കോടി രൂപയുടെ വായ്പാ സഹായം യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രാദേശിക വ്യവസായ മേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വലിയ തുക മാറ്റിവെച്ച ആദ്യ സംസ്ഥാനമായിരിക്കുകയാണ് ഉത്തര്‍പ്രദേശ്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് നടപ്പിലാക്കിയ അടച്ചു പൂട്ടല്‍ സംസ്ഥനത്തെ വ്യവസായ സ്ഥാപനങ്ങളെ സാരമായി ബാധിച്ചു എന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 56,754 സ്ഥാപനങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഭാരതത്തില്‍ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. അതിനാല്‍ കേന്ദ്രം ഇപ്പോള്‍ പ്രഖ്യപിച്ചിരിക്കുന്ന എംഎസ്എംഇ സഹായ പാക്കേജ് ഏറ്റവും കൂടുതല്‍ ഉപയോഗ പ്രദമാകുന്നത് ഉത്തര്‍പ്രദേശിന് തന്നെയാണ്. കേന്ദ്ര സഹായവും ഒപ്പം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ പദ്ധതിയും സംസ്ഥാനത്തെ വ്യവസായ രംഗത്തെ കൂടുതല്‍ ശക്തപ്പെടുത്തും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഈടില്ലാതെ വായ്പ്പ നല്കാന് മൂന്നു ലക്ഷം കോടി രൂപ കേന്ദ്രം പ്രഖ്യപിച്ചിരുന്നു. 100കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക്, നാലുവര്‍ഷം കാലാവധിയുള്ള, വായ്പ്പയ്ക്ക് അപേക്ഷിക്കാം. ഇതിന് ഒരുവര്‍ഷത്തെ മൊറട്ടോറിയവുമുണ്ട്. ഒക്ടോബര്‍ 31വരെയാണ് പദ്ധതി. കൊറോണ ലോക്ഡൗണ്‍ മൂലം കൈയില്‍ പണമില്ലാതായ, 45 ലക്ഷം എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ബിസിനസ് വിപുലീകരിക്കാനും കോടിക്കണക്കിനാളുകളുടെ ജോലി സുരക്ഷിതമാക്കാനും പണം ലഭിക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: