ന്യൂദല്‍ഹി : കൊറോണ വൈറസ്ബാധയെ തുടര്‍ന്നുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മുന്നോടിയായി യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ പദ്ധതി. ലോക്ഡൗണും നിയന്ത്രണങ്ങളും മൂലം വ്യവസായശാലകള്‍ ഉള്‍പ്പടെ ചിലത് അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ ഇല്ലായ്മ പ്രശ്‌നം രാജ്യത്തെ അലട്ടാതിരിക്കുന്നതിനായി സൈന്യം കേന്ദ്രത്തിനു മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദ്ദേശമാണിത്. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ടൂര്‍ ഓഫ് ഡ്യൂട്ടി എന്നാണ് ഈ പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് നിര്‍ബന്ധിത സൈനിക സേവനമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ സാഹസികതയും അനുഭവങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്കും, ഈ സേവനത്തെ ഒരു പ്രൊഫഷനായി കാണാന്‍ താത്പ്പര്യമുള്ളവര്‍ക്കും ടൂര്‍ ഓഫ് ഡ്യൂട്ടി തെരഞ്ഞെടുക്കാവുന്നതാണ്. യുവാക്കളില്‍ രാജ്യസ്നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്നും ഇവര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതോടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന തൊഴിലില്ലായ്മ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. ഇതുവഴി സൈന്യത്തിലുള്ള ഒഴിവുകളും പരിഹരിക്കാന്‍ സാധിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഓഫീസര്‍, പട്ടാളം എന്നീ രണ്ട് തസ്തികളിലേക്കും അപേക്ഷ നല്‍കാവുന്നതാണ്.
ഈ മൂന്നുവര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം. ഈ മൂന്നുവര്‍ഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്ക് ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സൈന്യം ആവശ്യപ്പെടുന്നു. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ടൂര്‍ ഓഫ് ഡ്യൂട്ടി നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും സൈന്യം വിശദീകരിക്കുന്നു.
നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ സൈന്യത്തില്‍ പ്രവേശിക്കുന്നവര്‍ 10 മുതല്‍ 14 വര്‍ഷത്തിന് ശേഷം വിരമിക്കും. തങ്ങളുടെ 30-ാം വയസില്‍ ഇവര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം വലിയൊരു തുകയാണ് ഇവര്‍ക്കായി പ്രതിരോധ മന്ത്രാലയം ചിലവിടുന്നത്. അതിനു പുറമേയാണ് ഇവരെ സൈനിക ജോലിക്ക് പ്രാപ്തരാക്കാനുള്ള പരിശീലനത്തിന്റെ ചിലവും.
അഞ്ചുകോടി മുതല്‍ 6.8 കോടി രൂപവരെയാണ് ഒരു സൈനികനുവേണ്ടി രാജ്യം ഇക്കാലയളവില്‍ ചിലവഴിക്കുന്നത്. മൂന്നുവര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി ആകുമ്പോള്‍ ഈ ചിലവ് 80 മുതല്‍ 85 ലക്ഷം വരെയാണ് ചെലവ്. സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കള്‍ രാജ്യത്തിന് മുതല്‍കൂട്ടാകുമെന്നാണ് പദ്ധതിയില്‍ വിശദീകരിക്കുന്നത്. ഇത്തരത്തില്‍ അച്ചടക്കവും സമര്‍പ്പണ ബോധവുമുള്ള യുവാക്കളെ കോര്‍പ്പറേറ്റ് മേഖലയിലും ആവശ്യക്കാരുണ്ടാകുമെന്നും സൈന്യം പറയുന്നു. എന്നാല്‍ പരീക്ഷണമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്താമെന്നും വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാമെന്നുമാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: