കൊച്ചി: പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മേടമാസത്തിന്റെ അവസാനമായ ഇന്ന് വീട്ടിലേയും ചുറ്റുവട്ടത്തേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആര്‍എസ്എസ് പര്യാവരണ്‍ സംരക്ഷണ് ഗതിവിധിയുടെ ആഹ്വാനം. ഇടവം ഒന്നായ നാളെ വീടുകളില്‍ തുളസിച്ചെടി നടാനും പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് അഭ്യര്‍ഥിച്ചു. ആര്‍എസ്എസ് സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമാണിത്.
പ്രകൃതി സംരക്ഷണത്തിന്റെ മേഖലയില്‍ ഒരേദിവസം നടക്കുന്ന ബൃഹത്തായ സാമൂഹ്യ പദ്ധതിയാകും ഇത്. ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ഫലവത്തായി നടപ്പാക്കാനാകും. വീടിനുള്ളിലും പുറത്തും ചുറ്റുവട്ടത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ഭൂമി സംരക്ഷിക്കുകയുമാണ് പദ്ധതി. പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സംവിധാനം നിലവിലുണ്ട്. പ്രകൃതി സംരക്ഷണം എന്നത് മുദ്രാവാക്യമല്ല; ജീവിത ശൈലിയാക്കുക എന്നതാണ് മുദ്രാവാക്യം.
നാളെ, ഇടവം ഒന്നിന് വീടുകളില്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ തുളസിച്ചെടി നട്ടുവളര്‍ത്തുന്നതാണ് അനുബന്ധ പരിപാടി. രോഗപ്രതിരോധത്തിലുള്പ്പെടെ ഔഷധ വീര്യം തെളിയിച്ചിട്ടുള്ള തുളസി ആത്മീയ പ്രാധാന്യവുമുള്ള ചെടിയാണ്. തുളസി വീട്ടിലുണ്ടായിരിക്കുന്നത് എല്ലാ തരത്തിലും ഗുണമാണ്. സ്വന്തം വീട്ടിലും അയലത്തും പരിചയക്കാരുടെ വീട്ടിലും തുളസിച്ചെടി വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ആശയം.
ഈ വര്‍ഷം പര്യാവരണ്‍ സംരക്ഷണ് ഗതിവിധിയും സേവാവിഭാഗും ചേര്‍ന്ന് ഒരുകോടി ഫലവൃക്ഷങ്ങള്‍ നടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ആസൂത്രണവും നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: