ന്യൂദല്‍ഹി: ആഴ്ചയില്‍ 45 വിമാനങ്ങള്‍ വരെ മാത്രമേ കൊണ്ടുവരാവൂ എന്നാണ് കേരളം അറിയിച്ചിരിക്കുന്നതെന്നും കൂടുതല്‍ പ്രവാസികളെ കൊണ്ടുവരാന്‍ കേരളം സമ്മതിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്നും വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന നോഡല്‍ ഓഫീസര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ 45 വിമാനമെന്ന് നിജപ്പെടുത്തിയത്, വി. മുരളീധരന് അറിയിച്ചു.
അനര്‍ഹര്‍ വിമാനത്തില്‍ കയറിവരുന്നു എന്നതു സംബന്ധിച്ച പരാതിയില്‍ തെളിവുകള്‍ കിട്ടിയാല്‍ പരിശോധിക്കും. എല്ലാവരും നാട്ടിലേക്ക് വരാന്‍ അര്‍ഹതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ സജ്ജമാണെന്ന് പറഞ്ഞ് ആരും വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായി അറിയില്ലെന്നും പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് ഒരു വിമാനക്കമ്പനിയും അറിയിച്ചിട്ടില്ലെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് മിഷന്റെ ഭാഗമായി കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും 43 വിമാനങ്ങളിലായി 8503 ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. വിദേശത്തു നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ വന്ദേ ഭാരത് മിഷന് മെയ് ഏഴിനാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനുളള സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ഈ ദൗത്യത്തില്‍ വിദേശകാര്യ മന്ത്രാലയവും സംസ്ഥാനസര്‍ക്കാരുകളും പങ്കാളികളാണ്.
എയര്‍ ഇന്ത്യയും അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് 12 രാജ്യങ്ങളില്‍ നിന്നായി ആകെ 64 വിമാന സര്‍വീസുകള്‍ നടത്തുന്നു. 42 സര്‍വീസുകള്‍ എയര്‍ ഇന്ത്യയും 24 സര്വീസുകള്എയര് ഇന്ത്യ എക്സ്പ്രസുമാണ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ യുഎസ്എ, യുകെ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, സൗദി അറേബ്യ, കുവൈറ്റ്, ഫിലിപ്പൈന്‍സ്, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നായി 14,800 ഇന്ത്യക്കാരെ മടക്കിയെത്തിക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: