തിരുവനന്തപുരം: സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റാന്‍ നീക്കം. ഈ തസ്തികയില്‍ നൂറു കണക്കിന് ഒഴിവുകളുണ്ട്. ഈ നീക്കത്തിനു പിന്നില്‍ എന്‍ജിഒ യൂണിയന്റെ സമ്മര്‍ദമെന്ന് സൂചന.
ഇതിന്റെ ഭാഗമായി ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക വെട്ടിക്കുറച്ചു. പുതിയ മുഖ്യപട്ടികയില്‍ വെറും 400 പേരെ മാത്രമാണ് പിഎസ്സി ഉള്‍പ്പെടുത്തിയത്. ലിസ്റ്റിലുള്ളവരുടെ നിയമനം കഴിയുന്നതോടെ നിരവധി ഒഴിവുകള്‍ അവശേഷിക്കും. ഇവയില്‍, റാങ്ക് ലിസ്റ്റ് നിലവിലില്ലെന്ന കാരണം പറഞ്ഞ് മറ്റുള്ളവരെ നിയമിക്കും. ഈ നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. പുറത്തുനിന്ന് നിയമനം നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ പൂര്‍ണമായും നികത്തിയാല്‍ പിന്നെ സമീപകാലത്തെങ്ങത്തും വീണ്ടും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കില്ല.
ഇതിനു മുമ്പ് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ മുഖ്യപട്ടികയിലെ 992 പേരും ഉപപട്ടികയിലുള്ളവരുമടക്കം രണ്ടായിരത്തോളം പേരുണ്ടായിരുന്നു. ഈ പട്ടികയുടെ കാലാവധി 2018 ആഗസ്ത് 16ന് അവസാനിച്ചപ്പോള്‍ 935 പേര്‍ക്ക് നിയമനം ലഭിച്ചു. എന്നാല്‍, ഇനി വരാന്‍ പോകുന്ന ലിസ്റ്റ് വെട്ടിക്കുറച്ചതോടെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി ഇരുട്ടിലായി. നിലവില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് തസ്തികയില്‍ 115 ഒഴിവുകള്‍ പിഎസ്സിയില് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം ഒഴിവുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാനുമുണ്ട്. പുറമേ വിരമിക്കല്‍, സ്ഥാനക്കയറ്റം എന്നിവ വഴിയും ഒഴിവുകള്‍ വരും.
അന്തിമപട്ടിക പ്രസീദ്ധീകരിച്ച് ഈ വര്‍ഷം തന്നെ നിയമനം ആരംഭിച്ചാലും അതുവരെയുള്ള ഒഴിവുകളും ഇനിയുള്ള മൂന്നു വര്‍ഷം വരുന്ന ഒഴിവുകളും ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ് നികത്തേണ്ടത്. അങ്ങനെ വന്നാല്‍ ആയിരത്തിലേറെ പേര്‍ക്കെങ്കിലും പട്ടികയില്‍ നിന്ന് ജോലി ലഭിക്കാം. ഇതു മുന്‍കൂട്ടി കണ്ടാണ് ചുരുക്കപ്പട്ടിക വെട്ടിക്കുറിച്ച് നാനൂറില്‍ ഒതുക്കിയത്. നിയമനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 400 പേര്‍ക്ക് നിയമനം ലഭിക്കും. അതോടെ റാങ്ക് ലിസ്റ്റ് തീരും.
പിന്നെ അടിയന്തരാവശ്യം പറഞ്ഞ്, പുറത്തു നിന്ന് നിയമിക്കും. അതോടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാം. ആയിരത്തിലധികം പേരെ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തി അതിന് ആനുപാതികമായി ഉപപട്ടികയും തയാറാക്കി വിപുലമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ മൂന്ന് വര്‍ഷ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പട്ടികയില്‍ നിന്ന് നിയമനം നടത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: