കോട്ടയം: നാമക്കുഴിയിലെ വനിതാ കായിക പരിശീലന കളരി കേരളമാകെ അറിയപ്പെടുന്നതാണ്. നാല് ദേശീയ താരങ്ങള്‍ നയിക്കുന്ന പരിശീലന കളരി ലോക്ഡൗണിലും വിശ്രമമില്ലാതെ തുടരുന്നു. കൂട്ടംകൂടാനാകാത്തതിനാല്‍ വീഡിയോ എടുത്ത് വേറിട്ട ശൈലിയില്‍ പരിശീലനം നടത്തുകയാണ് ഇവര്‍. ആണ്‍കുട്ടികള്‍ക്ക് കായിക ഇനങ്ങളില്‍ താരതമ്യേന സമപ്രായക്കാരായ പെണ്‍കുട്ടികള്‍ പരിശീലനം നല്‍കുകയെന്നത് അപൂര്‍വമാണ്. എന്നാല്‍ ഈ അപൂര്‍വകാഴ്ച കൂടുതല്‍ കരുത്തോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മുന്നോട്ടുപോകുന്നു, സൗജന്യമായി.
മുന്‍ ജൂനിയര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പ് താരം കെ.എ. അക്ഷര, ദേശീയ താരങ്ങളും സഹോദരിമാരുമായ കെ.എം. ശ്രീദേവി, കെ.എം. ശ്രീവിദ്യ, ദേശീയ ഹോക്കി താരം കാവ്യ മനോജ് എന്നിവരാണ് അപൂര്‍വ കാഴ്ചക്ക് കളമൊരുക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ ഈ പെണ്‍പടയുടെ ശിഷ്യരാണ്. നൂറോളം പേര് ദിവസേന ഫുട്ബോള്‍ പരിശീലനത്തിനായി എത്തുന്നുണ്ടെന്ന് ശ്രീവിദ്യ ജന്മഭൂമിയോട് പറഞ്ഞു.
നാല് പേരുടെയും ഇഷ്ടയിനം ഫുട്ബോളാണെങ്കിലും ഹോക്കിയിലും പരിശീലനം നല്‍കുന്നുണ്ട്. ഹോക്കി ക്യാമ്പ് ആരംഭിച്ചപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് പതിയെ ആളൊഴിഞ്ഞു. ഹോക്കി സ്റ്റിക്കും സംവിധാനങ്ങളും കണ്ടപ്പോഴുണ്ടായ ആവേശം കളിയോടില്ലായിരുന്നെന്നാണ് ശ്രീവിദ്യയുടെ ഭാഷ്യം. ദിവസവും രാവിലെ രണ്ട് മണിക്കൂര്‍ പരിശീലനമുണ്ട്. പരിശീലകരുടെ കുപ്പായമാണിവര്ക്കെങ്കിലും ലക്ഷ്യം കൂടുതല്‍ മികവിലേക്കുയരുകയാണ്. ഇന്ത്യന്‍ ടീമെന്ന ലക്ഷ്യം മനസിലുണ്ട്. ഇവരുടെ പരിശീലകനായ ജോമോനും സൗജന്യ പരിശീലന ക്യാമ്പില്‍ ഇടയ്ക്ക് സഹായത്തിനെത്തും. മേവള്ളൂര്‍ കുഞ്ഞിരാമന് മെമ്മോറിയല്‍ ഹൈസ്കൂള്‍ മുതല്‍ ആരംഭിച്ച സൗഹൃദമാണ് നാലംഗ സംഘത്തെ ഇപ്പോഴും നിലനിര്‍ത്തുന്നത്. എംജി യൂണിവേഴ്സിറ്റിക്കായി നാലുപേരും വിവിധ വര്‍ഷങ്ങളില്‍ ബൂട്ടുകെട്ടി. വരാനിരിക്കുന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പാണ് അടുത്ത ലക്ഷ്യം. കൊറോണ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍ഷിപ്പും സംശയത്തിന്റെ നിഴലിലാണ്.
ഒന്നിച്ചുള്ള ക്യാമ്പും പരിശീലനവുമെല്ലാം നാലുപേരെയും ഇന്ത്യന്‍ ടീമിലും ഒന്നിച്ചെത്തിക്കുമെന്ന പ്രതീക്ഷയാണ് ലോക്ഡൗണില്‍ ഇവരെ മുന്നോട്ട് നയിച്ചത്. അക്ഷരയും കാവ്യയും നാട്ടകം ഗവണ്മെന്റ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. കോട്ടയം പ്രസ്ക്ലബില്‍ ജേണലിസം പഠിക്കുകയാണ് ശ്രീവിദ്യ. ഫിസിക്കല്‍ എഡുക്കേഷന്‍ വിദ്യാര്‍ഥിയാണ് ശ്രീദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: