ന്യൂദല്‍ഹി : കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ ഇന്നറിയാം. വൈകീട്ട് നാലുമണിയ്‌ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ പാക്കേജിനെക്കുറിച്ച് വിശദീകരിക്കും.
നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനം വരുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ (സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി) എന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.
രാജ്യത്തെ ഓരോ തൊഴിലാളിക്കും കര്‍ഷകനും രാജ്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഓരോ പൗരനും, മധ്യവര്‍ഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അങ്ങനെ രാജ്യത്തെ എല്ലാ സത്യസന്ധരായ പൗരന്‍മാര്‍ക്കുമുള്ളതാണ് ഈ പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ ജനങ്ങളുടെ ജീവിതം ഒരൊറ്റ വൈറസ് താറുമാറാക്കി. കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം ഒരിക്കലും നേരിട്ടിട്ടില്ല. ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. നമ്മള്‍ തകരില്ല, തോല്‍ക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: