കാക്കനാട്: സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സഹകരണ സ്ഥാനങ്ങളിലേക്കുള്ള നിയമനം രാഷ്ട്രീയ പിന്തുണയുള്ളവര്‍ക്കു മാത്രമായി ഒതുക്കി. നിയമനച്ചുമതലയുള്ള കേരള സഹകരണ സര്‍വീസ് ബോര്‍ഡ് നടത്തുന്ന എഴുത്തു പരീക്ഷയെ അപ്രസക്തമാക്കി സഹകരണ സംഘം നടത്തുന്ന കൂടിക്കാഴ്ചയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്യൂണ്‍ തസ്തികയ്ക്ക് മുകളിലുള്ള നിയമനങ്ങളായിരുന്നു സര്‍ക്കാര്‍ പ്രത്യേക ബോര്‍ഡിനു വിട്ടത്.
ഭൂരിഭാഗം സഹകരണ സംഘങ്ങളിലും സ്വീപ്പര്‍, പ്യൂണ്‍ തസ്തികളില്‍ തങ്ങളുടെ ഇഷ്ടക്കാരെയോ അല്ലെങ്കില്‍ പണം വാങ്ങി നിയമിച്ചവരേയും മൂന്നു വര്‍ഷത്തിനു ശേഷം ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കി നിയമനം അട്ടിമറിച്ചു. കൂടുതല്‍ ഒഴിവുള്ള സഹകരണ സംഘങ്ങളാണ് ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍ മുന്‍നിരയിലുള്ളവരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് തങ്ങളുടെ സ്വന്തക്കാരെ മുന്‍നിരയിലാക്കുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളിലെ ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് ബോര്‍ഡാണ് പരീക്ഷ നടത്തുന്നത്. പേരിനു നടത്തുന്ന 80 മാര്‍ക്കിന്റെ എഴുത്തു പരീക്ഷയില്‍ ഭൂരിഭാഗം പേരും യോഗ്യത നേടുന്നതോടെ അതതു സ്ഥാപനം നടത്തുന്ന കൂടിക്കാഴ്ചയില്‍ 20 മാര്‍ക്ക് വരെ കൊടുത്തു മുന്‍നിരയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
പല പ്രാഥമിക സംഘങ്ങളും ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയുള്ളത് നേരത്തെ നിയമനം നടത്തിയ പ്യൂണ്‍ പ്രമോഷന് നല്‍കുന്നവര്‍ക്ക് മാറ്റി വയ്ക്കുകയാണ്. സംസ്ഥാനത്തെ പതിനായിരത്തില്‍ കൂടുതലുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലായി 27,000 ജീവനക്കാരാണുള്ളത്. ഇവരിലധികവും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരോ നോമിനികളോ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: