കൊറോണ പ്രതിരോധത്തിലും ഇതര സംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം താരതമ്യം ചെയ്യാന്‍ കഴിയാത്തതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കാന്‍ റെയില്‍വെ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിന്‍ ദൗത്യത്തിലൂടെ ആവശ്യപ്പെട്ടവരെ മുഴുവന്‍ തിരിച്ചയക്കുന്നതിനായി പ്രത്യേക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ലോക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സത്വര നടപടികളായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു. നോര്‍ക്ക റൂട്ട്സ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. നോര്‍ക്കറൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തുന്ന ജില്ലാ അധികൃതരുടെ ഇ-പാസ് ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് തിരിച്ചു വരാമെന്നാണ് ആദ്യം അറിയിപ്പുണ്ടായത്. പിന്നീടത് ഇരുസംസ്ഥാനങ്ങളുടേയും അനുമതി എന്നാക്കി മാറ്റി. ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അനുമതി ലഭിച്ചാലും കേരളത്തിന്റെ പാസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പലര്‍ക്കും സ്വന്തം നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇവര്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം തകിടം മറിയുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റുമന്ത്രിമാരും പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി പോയ മലയാളികള്‍ അന്യനാടുകളില്‍ തന്നെ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി വന്‍ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയെന്ന് ഭരണകൂടം നേരത്തെ പലതവണ പറയുകയുണ്ടായി. എന്നാല്‍ ഇത്തരമൊരു മുന്നൊരുക്കം ഇതര സംസ്ഥാനങ്ങിലെ മലയാളികളുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന വസ്തുതയാണ് ഇവിടെ വെളിവാകുന്നത്. വിവിധ സംസ്ഥാനങ്ങളിലകപ്പെട്ടവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിന് മുന്നൂറിലധികം ശ്രമിക്ക് ട്രെയിനുകള്‍ റെയില്‍വെ ഇതിനകം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഒന്നുപോലും കേരളം ആവശ്യപ്പെട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്നിവരോടും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളി കുടുംബങ്ങളോടുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന് പിന്നിലെ രാഷ്ട്രീയമാണ് ഇവിടെ പുറത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: