ജക്കാര്‍ത്ത : ക്രൂഡ് ഓയില്‍ ടാങ്കറിൽ തീപിടിച്ച് ഇന്തോനേഷ്യയിൽ ഏഴ് പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 22 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്.
എം.ടി ജഗ് ലീല എന്ന അഫ്രാമാക്സ് ക്രൂഡ് ഓയില്‍ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. വടക്കന്‍ സുമാത്രയില്‍ മേഡനിലെ ബലാവന്‍ തുറമുഖത്ത് വച്ച് പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. സമീപത്തുള്ള വരുണാ ഷിപ്പ്‌യാര്‍ഡിലേക്ക് നീങ്ങുന്നിതിനിടെയാണ് കപ്പലില്‍ സ്ഫോടനമുണ്ടായതെന്ന് ഇന്തോനേഷ്യന്‍ കോസ്റ്റ് ആന്‍ഡ് സീ ഗാര്‍ഡ് പറയുന്നു.
തിങ്കളാഴ്ച രാവിലെ ഏകദേശം 8.30 ഓടെ കപ്പലില്‍ ഉഗ്രമായ പൊട്ടിത്തെറി ശബ്ദവും കനത്ത പുകയുമുണ്ടാകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ട് തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ട്. വൈകിട്ട് 3 മണിയോടെയാണ് തീയണച്ചത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
1999ല്‍ നിര്‍മിക്കപ്പെട്ട ഓയില്‍ ടാങ്കറിന് 250 മീറ്റര്‍ നീളമുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് മരണസംഖ്യ ഏഴ് ആയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: