ഇടുക്കി: കാലവര്‍ഷം ശക്തമാകുമെന്ന വിവിധ കാലവസ്ഥ പഠന കേന്ദ്രങ്ങളുടെ പ്രവചനം നിലനില്‍ക്കെ സംസ്ഥാനത്തിന് ഭീഷണിയാകുന്നത് ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്ന ജലശേഖരം. മറ്റിടങ്ങളില്‍ ജലനിരപ്പ് താഴ്‌ത്താനായെങ്കിലും ജനറേറ്ററുകളുടെ തകരാര്‍ പരിഹരിക്കാനാകാത്തതാണ് ഇടുക്കിയിലെ പ്രധാന പ്രശ്‌നം.
കെഎസ്ഇബിയുടെ മൊത്തം സംഭരണികളുടെ ശേഷിയുടെ ഏതാണ്ട് 52.8% (1460 എംസിഎം) വെള്ളമാണ് ഇടുക്കിയില്‍ മാത്രം ശേഖരിക്കാനാകുക. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ ശക്തമായ മഴ ലഭിച്ചാല്‍ ഇടുക്കി ഡാം ജൂലൈയില്‍ തന്നെ തുറന്ന് വിടേണ്ടി വരും. കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സംസ്ഥാന തലത്തില്‍ നിന്ന് എടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങളെത്തിച്ചും ചൈനയില്‍ നിന്നടക്കം ആളുകളെത്തിയും അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകൂ. മഴ ശക്തമാവുകയും മുല്ലപ്പെരിയാർ ഡാം ഉൾപ്പെടെ തുറക്കേണ്ട സാഹചര്യം വരുകയും ചെയ്താൽ ഇത് ഇടുക്കി ഡാമിനും ഡാം തുറന്നാൽ വെള്ളം ഒഴുകുന്ന പുഴയോരങ്ങളിൽ ജീവിക്കുന്നവർക്കും ഭീഷണിയാകും.
ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2346.53 അടിയാണ് ഇടുക്കിയിലെ ജലശേഖരം, 42.8%. പരമാവധി ശേഷി 2403 അടി. 2018ല്‍ പ്രളയത്തിന്റെ ആഘാതം കൂട്ടിയതില്‍ പ്രധാന കാരണം ഇടുക്കിയില്‍ നിന്ന് അനിയന്ത്രിതമായി തുറന്ന് വിട്ട വെള്ളമായിരുന്നു. മഴ വര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നിന് 25% വെള്ളമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ജൂലൈ അവസാനത്തോടെ തന്നെ ഡാം നിറയുന്ന സാഹചര്യം വന്നു. ഇത് മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് ജലശേഖരം 19.5% ആക്കി കുറച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം തകരാറും തുടര്‍ന്ന് വന്ന കൊറോണ ലോക്ക് ഡൗണും കാര്യങ്ങള്‍ മാറ്റി മറച്ചു. ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 23ന് ഇടുക്കിയിലെ ഉത്പാദനം 5-ല്‍ നിന്ന് 8 ദശലക്ഷമാക്കി കൂട്ടിയത്.
നിലവില്‍ ഇത് തുടരുമ്പോള്‍ അവശേഷിക്കുന്നത് 941.451 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ്. ഈ നില തുടര്‍ന്നാല്‍ 36 ശതമാനത്തില്‍ താഴെ വെള്ളം പോകാനുള്ള സാധ്യതയില്ല. ഇടക്കിടെ ലഭിക്കുന്ന വേനല്‍മഴയിലും ജലശേഖരം ഉയരുന്നുണ്ട്. ജനുവരി 20നും ഫെബ്രുവരി ഒന്നിനുമായാണ് ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ തകരാറിലായത്. ഒരു ജനറേറ്റര്‍ നവീകരണത്തിലുമാണ്. ആകെയുള്ള ആറ് ജനറേറ്ററുകളും 24 മണിക്കൂറും ഉപയോഗിച്ചാല്‍ പരമാവധി 18.72 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാകും. ഇത്തരത്തില്‍ ഇനി വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ പോലും 26% വെള്ളം അവശേഷിക്കും. എന്നാല്‍ ഇടുക്കിയിലെ ഒരു ജനറേറ്ററെങ്കിലും പ്രശ്‌നം പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഈ മാസം അവസാനമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. മറ്റ് രണ്ട് ജനറേറ്ററുകളും ഉന്നത ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മഴക്കാലം കഴിഞ്ഞാലും പണിപൂർത്തിയാക്കാനാകില്ല. ഇതിലുണ്ടാകുന്ന അമാന്തത വലിയ ദുരന്തത്തിലേക്കാര്യം സംസ്ഥാനത്തെ കൊണ്ടെത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: