ന്യൂദല്‍ഹി : രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് മുതല്‍ ഭാഗീകമായി പുനസ്ഥാപിക്കും. ലോക്ഡൗണ്‍ ആരംഭിച്ചശേഷം പാസഞ്ചര്‍ ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ പുനസ്ഥാപിക്കുന്നത്. ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച പുറപ്പെടും.
ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് കേരളത്തിലേക്കും സംസ്ഥാനത്തു നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവുക. ഈ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. വെള്ളിയാഴ്ചത്തെ തിരുവനന്തപുരം- ദല്‍ഹി ട്രെയിനിന്റെ ടിക്കറ്റുകളും തീര്‍ന്നു.
ദല്‍ഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന ട്രെയിന്‍ സര്‍വീസുകളാണ് ഇന്ന് മുതല്‍ തുടങ്ങുന്നത്. ട്രെയിന്‍ യാത്രയിലുടനീളം യാത്രക്കാര്‍ മാസ്ക് ധരിക്കണം, ട്രെയിനിന് അകത്ത് ആളുകള്‍ ശാരീരിക അകലം പാലിക്കണം തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍. തിരുവനന്തപുരത്തിന് പുറമെ കേരളത്തില്‍ കോഴിക്കോടും എറണാകുളത്തും സ്റ്റോപ്പുകള്‍ ഉണ്ടാകും.
രാജ്യത്ത് ഇതിനോടകം 450 ശ്രമിക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തിയതായി റെയില്‍വേ അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളെ മാതൃ സംസ്ഥാനങ്ങളില്‍ തിരിച്ചെത്തിച്ചു. ദിവസം നൂറിലധികം ട്രെയിന്‍ സര്‍വീസുകള്‍ നടത്തുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്.ഡി. ബാജ്പേയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: