മനോമയകോശ വിവരണം തുടരുന്നു.
ശ്ലോകം 180
അതഃ പ്രാഹുര്‍ മനോളവിദ്യാം
പണ്ഡിതാ സ്തത്ത്വദര്ശിനഃ
യേനൈവ ഭ്രാമ്യതേ വിശ്വം
വായുനേവാഭ്രമണ്ഡലം
അതിനാല്‍ തത്ത്വദര്‍ശികളായ പണ്ഡിതര്‍ മനസ്സിനെ അവിദ്യയെന്ന് പറയുന്നു. കാറ്റ് മേഘക്കൂട്ടത്തെയെന്ന പോലെ മനസ്സ് പ്രപഞ്ചത്തെ കറക്കുന്നു.മനസ്സ് മൂലമാണ് ഈ പ്രപഞ്ചവും അതിലെ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അല്ലെങ്കില്‍ ഉണ്ടെന്ന് തോന്നിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മനസ്സിനെ അവിദ്യയെന്ന് അറിവുള്ളവര്‍ വിളിക്കുന്നതും. മനസ്സിന്റെ പ്രവര്‍ത്തനം മൂലം ഈ ലോകം വെറുതേ ഇങ്ങനെ ചുറ്റിക്കറങ്ങുന്നതായി അനുഭവപ്പെടും.കാര്‍മേഘങ്ങളെ കാറ്റ് എങ്ങോട്ടെന്നില്ലാതെ കറക്കി കൊണ്ട് പോകും പോലെയാണിത്. അവിദ്യയില്‍ നിന്ന് ഉണ്ടായ മനസ്സാണ് അദ്ധ്യാസം മുതലായവയെ സൃഷ്ടിക്കുന്നത്. ഈ ലോകത്തിലെ സകല ദുഃഖങ്ങള്‍ക്കും കാരണം മനസ്സ് തന്നെയെന്ന് അറിയണം. ലോകമെന്നാല്‍ ലോകത്തിലെ എല്ലാ ജീവജാലങ്ങളും എന്നും അര്‍ത്ഥം. മനസ്സിന്റെ ഭ്രമം കാരണം എല്ലാം കിടന്ന് കറങ്ങുന്നു.
ശ്ലോകം 181
തന്മനഃശോധനം കാര്യം പ്രയത്നേന മുമുക്ഷുണാ
വിശുദ്ധേ സതി ചൈതസ്മിന് മുക്തിഃ കരഫലായതേ
അതിനാല്‍ മോക്ഷം ആഗ്രഹിക്കുന്നയാള് നന്നായി പ്രയത്നിച്ച് മനശ്ശുദ്ധിയെ നേടണം. മനസ്സ് ശുദ്ധമായാല്‍ മുക്തി കൈവള്ളയിലെ നെല്ലിക്ക പോലെ സ്വന്തമാകും. ആദ്ധ്യാത്മിക സാധനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചിത്തശുദ്ധി നേടുക എന്നത്. ഉള്ളം ശുദ്ധമായാല്‍ മാത്രമേ ധ്യാനം വേണ്ടവിധത്തിലാകും. തെളിഞ്ഞ അന്തഃകരണത്തിലേ ജ്ഞാനം വിളങ്ങുകയുള്ളൂ. എത്ര കണ്ട് മനസ്സിന് ശുദ്ധിയുണ്ടോ അത്രകണ്ട് ബുദ്ധിക്കും തെളിച്ചമുണ്ടാകും.ആത്മസാക്ഷാത്കാരത്തിന് മനഃശുദ്ധി കൂടിയേ തീരൂ. രജസ്സിനേയും തമസ്സിനേയും മനസ്സില്‍ നിന്ന് അകറ്റണം. തമസ്സ് മൂലമുണ്ടാകുന്ന ആവരണങ്ങളും രജസ്സ് മൂലമുണ്ടാകുന്ന വിക്ഷേപങ്ങളും നീക്കുക എന്നതാണ് മനശ്ശുദ്ധിയെ നേടുക എന്നതിനര്‍ത്ഥം.ജന്മജന്മാന്തരങ്ങളായി ഉള്ളില്‍ കുമിഞ്ഞ് കൂടിയിരിക്കുന്ന വാസനാ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല. നല്ല പ്രയത്നം അതിന് ആവശ്യമുണ്ട്.
അജ്ഞാനത്തില്‍ നിന്നും ഉടലെടുത്ത ഈ മാലിന്യങ്ങള്‍ നീങ്ങണമെങ്കില്‍ നിരന്തര പരിശ്രമം വേണം. ആത്മസാക്ഷാത്കാരമെന്ന വലിയ ലക്ഷ്യത്തെ മുന്നില്‍ വച്ചാല്‍ മാത്രമേ ഇക്കാര്യത്തിര്‍ വേണ്ടത്ര പ്രചോദനം ഉണ്ടാവുകയുള്ളൂ.
മനസ്സ് ശുദ്ധമായാല്‍ മുക്തി ലഭിക്കാന്‍ എളുപ്പം സാധിക്കും. ഉള്ളം കയ്യിലെ നെല്ലിക്ക പോലെ സുലഭമാണ്. മനസ്സ് ശുദ്ധമായാല്‍ മുക്തി കരഗതമായി എന്ന് തന്നെ ഉറപ്പിക്കാം. ഒരു നെല്ലിക്കയോ ചെറിയ പഴമോ നമുക്ക് എങ്ങനെ കയ്യില്‍ ഒതുക്കി പിടിക്കാമോ അതുപോലെ മുക്തിയും വളരെ എളുപ്പത്തില്‍ നേടാമെന്ന് ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: