ലോക് ഡൗണ്‍ ദിനങ്ങളില്‍ ആസ്വാദകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഓണ്‍ലൈന്‍ സംഗീത അവതരണത്തിലൂടെ കഥകളി ആസ്വാദകരിലേക്ക് എത്തിക്കുകയാണ് ശ്രീകൃഷ്ണപുരം സ്വദേശി നെടുമ്പള്ളി രംമോഹനും പത്നി മീരയും. സ്കൂള്‍ അദ്ധ്യാപകന് കൂടിയായ രാം മോഹന്‍ കഥകളിപ്പാട്ട് ക്ലാസ്സുകള്‍ എടുക്കാറുണ്ട് ഗുരുകുലം രീതിയിലാണിത്. കഥകളിക്ക് പാടുന്ന ശിഷ്യന്മാരും, സംഗീതത്തില്‍ തുടക്കക്കാരായ കുട്ടികളും ഉണ്ട്. ഇതിനിടയ്ക്ക് നാടിനെ ഗ്രഹിച്ച കോറോണ എന്ന മഹാമാരിയും, അതിനെ നേരിടാന്‍ ലോക് ഡൗണും വന്നുപ്പെട്ടത്. പിന്നെ അവരെയെല്ലാം ചേര്‍ത്ത് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ചെറിയ ചെറിയ ഭാഗങ്ങള്‍ പാടി അയച്ചു കൊടുത്തു. അതുപോലെ വിദേശങ്ങളിലും ചിലര്‍ കഥകളി പദം പഠിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താല്പര്യമുള്ളവരെ ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കി അയച്ചു കൊടുത്തു. അതിനൊപ്പം ചില തിയറികളും കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളും അയച്ചു കൊടുക്കുമ്പോള്‍ അവര്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനും പഠിക്കാനും സഹായകമാകും. ”ലോക് ഡൗണ്‍ കഴിഞ്ഞാലും ഇത് തുടരാന്‍ കഴിയും. ഇത് നല്ലൊരു സാധ്യതയാണ്. ഇക്കാലത്ത് കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സമയം വിനിയോഗിക്കേണ്ടി വരുന്നതിനാല്‍ ഒഴിവുസമയത്ത് കേട്ടു പഠിക്കാന്‍ അവസരം ഉണ്ടാകുന്നു. ഓണ്‍ലൈന്‍ സംഗീതത്തിന് നേരിട്ടുള്ള ക്ലാസ്സിന്റെ പൂര്‍ണ്ണത കിട്ടില്ലെങ്കിലും പിന്നീട് ക്ലാസ്സില്‍ വന്ന് പഠിച്ചെടുക്കാന്‍ സൗകര്യമുണ്ടാകും” എന്ന് രാംമോഹന്‍ പറയുന്നു.
മീര പ്രധാനമായും കര്‍ണാടക സംഗീതമാണ് എടുക്കുന്നത്. കഥകളി പാട്ടുകള്‍, ചിലര്‍ക്ക് തിരുവാതിരകളി പാട്ടുകളാണ് വേണ്ടത്. അത് പാടി അയച്ചു കൊടുക്കും. അതോടൊപ്പം ആയിരം കലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ഫെലോഷിപ്പ് പദ്ധതിക്കായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഏഴു പഞ്ചായത്തുകളില്‍ ക്ലാസ്സുകള്‍ എടുത്തുവരുന്നു. ഓണ്‍ ലൈനില്‍ ഉപന്യാസ മത്സരങ്ങളുടെ സാധ്യതയും പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ കഥകളി ഗ്രൂപ്പിലൂടെ എല്ലാ ദിവസവും രാവിലെ ഒന്നേകാല്‍ മണിക്കൂര്‍ ഫേസ്ബുക്ക് ലൈവ് പരിപാടി വേറെയും.
ലോക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ എല്ലാ ദിവസവും ലൈവ് പരിപാടി അവതരിപ്പിച്ചു വരുന്നു. കഥകളി ശേഖരം എന്ന ഗ്രൂപ്പിലാണ് ലൈവ് വന്നത്. കളിക്കൂട്ടം, കരുനാഗപ്പള്ളി നാണുപിള്ള സ്മാരക കഥകളി ക്ലബ്, പനച്ചിക്കാട് ദേവി ക്ഷേത്രത്തിന്റെ ഗ്രൂപ്പില്‍, മാവേലിക്കര കഥകളി ആസ്വാദക സംഘത്തോടൊപ്പം കുന്തി-കര്ണ്ണന് സംവാദവും രാം മോഹനും മീരയും ചേര്‍ന്ന് അവതരിപ്പിച്ചു. നിരവധി കലാകാരന്മാര്ക്കൊപ്പം പല കുട്ടികളും നൃത്തവും കവിതയുമൊക്കെ ലൈവില്‍ അവതരിപ്പിക്കുന്നു. കുറച്ചുപേര്‍ ആദ്യം നിര്‍ബന്ധിച്ചപ്പോഴാണ് ലൈവില്‍ വന്നത്. അമേരിക്ക, കാനഡ, അയര്‍ലാന്‍ഡ്, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നൊക്കെ ഫോണിലും മെസേജുകളായും പരിപാടി തുടരണം എന്നും ആവശ്യങ്ങളുയര്‍ന്നു. കഥകളിപ്പദം കേള്‍ക്കാന്‍ താല്‍പ്പര്യം ഉള്ളവരും, കുടുംബത്തോടൊപ്പം നാട്ടിലെ ഉത്സവങ്ങള്‍ക്ക് കൂടാന്‍ കഴിയാത്തവരും ആശ്വാസമെന്ന് അറിയിച്ചു. ലോകം മഹാമാരിക്ക് കീഴ്പ്പെടുമ്പോള്‍ തങ്ങള്‍ക്ക് നല്കാന് പറ്റുന്ന മരുന്ന് ഇതാണ് എന്നതുകൊണ്ടാണ് ഒട്ടും പ്രതിഫലേച്ഛയില്ലാതെ സന്തോഷത്തോടെ വീണ്ടും പരിപാടി തുടരുന്നത്. ഇത് കാണുന്നവരുടെ പ്രതികരണങ്ങളും, അതനുസരിച്ചു അവര്‍ ആവശ്യപ്പെടുന്ന കഥകളി പദങ്ങളും കര്ണാട്ടിക്കുമൊക്കെ ഇടകലര്‍ത്തി പാടാറുണ്ട്. കൊറോണ പശ്ചാത്തലത്തില്‍ കവിതകളും പാട്ടുകളും എഴുതി കമ്പോസ് ചെയ്ത് കൊടുത്തിട്ടുണ്ട്. അതിനെ നൃത്ത രൂപത്തിലും കഥകളി രൂപത്തിലും ചിലര്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം ബാലസുബ്രമണ്യനാശാന്റെ കഥകളി രൂപത്തില്‍ ധന്വന്തരി മൂര്‍ത്തിയോട് പ്രാര്‍ത്ഥിക്കുന്നത് കഥകളിപ്പദമായി ചിട്ടപ്പെടുത്തി കളിച്ചു.
കലാ-സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ഇവരുടേത്. അച്ഛന് കഥകളി സംഗീതജ്ഞനും സ്കൂള്‍ അധ്യാപകനുമായിരുന്നു. അച്ഛന്റെ സഹോദരന് തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലൂടെ രാജ്യാന്തര നാടക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. രാംമോഹന്റെ ഇന്ത്യയിലും വിദേശത്തുമുള്ള സഹോദരന്മാര് ചേര്‍ന്ന് കഥകളിപ്പദം പാടി റെക്കോര്‍ഡ് ചെയ്തതും, കുടുംബാങ്കങ്ങളോടൊപ്പം ഏഴു മിനിറ്റ് വീഡിയോ ചെയ്തതും മറ്റൊരു പ്രവര്‍ത്തനമാണ്. കോറോണക്കെതിരെ എഴുതിയ കവിതയില്‍ ശിഷ്യനായ അഭിജിത്ത് വര്‍മ ചില ചിത്രങ്ങള്‍ ഒപ്പം ചേര്‍ത്ത് തന്റെ കമ്പോസിങ്ങില്‍ അത്തിപ്പൊറ്റ രവിയുടെ രചനയില്‍ തയ്യറാക്കിയ ഓഡിയോയില്‍ രാംമോഹനും മീരയുമാണ് ആലാപനം തീര്‍ത്തത്. അച്ഛന് നെടുമ്പള്ളി നാരായണന് നമ്പൂതിരി, അമ്മ ലീലാ അന്തര്‍ജ്ജനം തിരുവാതിരക്കളിപ്പാട്ട് കലാകാരിയാണ്. ചില സമയത്ത് അമ്മയും ഫേസ്ബുക്ക് ലൈവില്‍ ഭാഗമാകാറുണ്ട്. മകന് ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി. ഗുരുനാഥനായ അച്ഛനില്‍ നിന്നാണ് ആദ്യം സംഗീതം പഠിച്ചത്.
കലാമണ്ഡലം ശ്രീകുമാറിന്റെ കീഴിലാണ് രാംമോഹന്‍ കഥകളി സംഗീതം അഭ്യസിച്ചത്. കലാമണ്ഡലം സോമന്റെ കീഴില്‍ കഥകളി വേഷം, കെ.എം. കൃഷ്ണന് നമ്പൂതിരിയുടെ കീഴില്‍ കര്‍ണാടക സംഗീതം, തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലാണ് എം. എ. കര്‍ണാടക സംഗീതം പൂര്‍ത്തിയാക്കിയത്. ജലജാ വര്‍മ്മ, ഗുരുവായൂര്‍ മണികണ്ഠന്, എം. എസ്. പരമേശ്വരന്, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവരാണ് സംഗീത അധ്യാപകര്‍. സംഗീത അധ്യാപകനായും ഗണിതാധ്യാപകനായും സേവന അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ആട്ടക്കഥകള്‍ ഉള്‍പ്പടെ സംഗീത നാടകങ്ങള്‍ക്കും സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഉസ്താദ് ബിസ്മില്ലാഖാന് യുവ പുരസ്കാരം, കലാസാഗരം അവാര്‍ഡ്, വെണ്മണി ഹരിദാസ് സ്മാരക പുരസ്കാരം ഉള്‍പ്പെടെ പത്തിലധികം പുരസ്ക്കാരങ്ങള്‍ക്ക് രാംമോഹന്‍ അര്‍ഹനായിട്ടുണ്ട്. ഇപ്പോള്‍ പാലക്കാട് മണ്ണാര്‍ക്കാടിന് അടുത്ത് കുണ്ടൂര്‍കുന്ന് ഹൈസ്കൂളില്‍ ഗണിതാധ്യാപകനാണ്.
കുന്നക്കാട് വാസുദേവന്‍ നമ്പൂതിരി, എടമന വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കീഴിലാണ് മീര കര്‍ണാടക സംഗീതം പഠിച്ചത്. മാടമ്പി സുബ്രമണ്യന്‍ നമ്പൂതിരി, പാലനാട് ദിവാകാരന്‍ നമ്പൂതിരി എന്നിവരുടെ കീഴില്‍ കഥകളി സംഗീതവും അഭ്യസിച്ചു. കര്‍ണാടക സംഗീതത്തില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം. സൈക്കോളജിയില്‍ ബിരുദം. ശ്രീവത്സന്‍ ജെ. മേനോന് സംഗീത സംവിധാനം നിര്‍വഹിച്ച സോപാനം എന്ന മലയാള ചലച്ചിത്രത്തിലും, ബോംബെ ജയശ്രീയുടെ സംഗീത സംവിധാനത്തില്‍ സുബ്ബലക്ഷ്മി എന്ന തമിഴ് സിനിമ, പ്രിയ മാനസം എന്ന സംസ്കൃത സിനിമ എന്നിവയിലുള്‍പ്പെടെ പിന്നണി ഗായികയായി.
ആകാശ വാണിയില്‍ കഥകളിപ്പദം, കര്‍ണാടക സംഗീതം, കാവ്യാഞ്ജലി എന്നിവ അവതരിപ്പിക്കാറുണ്ട്. 2015 ല്‍ ചലചിത്ര പിന്നണി ഗായികയ്ക്കുള്ള റേഡിയോ മിര്‍ച്ചി അവാര്‍ഡ് നേടിയിട്ടുണ്ട്. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ അധ്യാപികയായിരുന്നു. കര്‍ണാടക സംഗീത രംഗത്തും കഥകളി രംഗത്തും സജീവമായ മീര സംഗീത സമന്വയങ്ങളും അവതരിപ്പിക്കാറുണ്ട്. കഥകളി സംഗീതത്തെയും കര്‍ണ്ണാടക സംഗീതത്തെയും നെഞ്ചേറ്റുന്ന ആസ്വാദകര്‍ക്കായി പുതുതലമുറയുടെ ഒഴിച്ചുകൂടാനാകാത്ത ഉപാധിയായ നവ മാധ്യമങ്ങള്‍ വഴി ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആസ്വാദകരിലേക്ക് എത്തിക്കുകയാണ് ഈ ദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: