ന്യൂദല്‍ഹി: ഐസിസി പുതിയതായി പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിങ്ങിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറുമായി ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍.
2016-17 സീസണില്‍ 12 ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യക്കു ഒന്നില്‍ മാത്രമേ പരാജയം നേരിട്ടിരുന്നുള്ളൂ. എന്നാല്‍ പുതിയ അപ്ഡേറ്റില്‍ ഈ റെക്കോര്‍ഡ് നീക്കം ചെയ്യപ്പെട്ടത് ഇന്ത്യക്കു വിനയാകുകയായിരുന്നെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള ചാറ്റിലാണ് ഐസിസിക്കും റാങ്കിങ് സംവിധാനത്തിനുമെതിരേ ഗംഭീര്‍ വിമര്‍ശനമുന്നയിച്ചത്.
പോയിന്റ്, റാങ്കിങ് സംവിധാനങ്ങളില്‍ തനിക്കു വിശ്വാസമില്ല. വിദേശത്തെ ടെസ്റ്റില്‍ ജയിക്കുന്ന ടീമിനും നാട്ടില്‍ ടെസ്റ്റ് ജയിക്കുന്ന ടീമിനും ഒരേ പോയിന്റ് തന്നെ നല്‍കുന്നത് ശരിയല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അടുത്തിടെ ഐസിസി പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാംസ്ഥാനത്തേക്കു കയറിയിരുന്നു. ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. 2016നു ശേഷം ആദ്യമായാണ് ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായത്. പുതിയ റാങ്കിങില്‍ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുകയായിരുന്നു.
ഇന്ത്യയുടെ മൂന്നാം റാങ്കിലേക്കുള്ള വീഴ്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐസിസിക്കെതിരേ ഗംഭീര്‍ രംഗത്തു വന്നിരിക്കുന്നത്. നേരത്തേ കോഹ്‌ലിയും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: