തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനായി വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കാനൊരുങ്ങി ബെവ്കോ. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് വില്‍പ്പന ശാലകളിലെ തിരക്കൊഴിവാക്കാനായി ബെവ്റിജസ് കോര്പ്പറേഷന് പോലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടിയെന്നാണ് കോര്പ്പറേഷന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകള്‍.
29 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി സ്റ്റാര്‍ട്ട് അപ്പ് മിഷന് അറിയിച്ചു. ഇതില്‍ നിന്ന് മികച്ച കമ്പനിയെ തെരെഞ്ഞെടുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന് സിജഒ സജി ഗോപിനാഥ് പറഞ്ഞു. സമാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന അപ്പാണ് ഉദ്ദേശിച്ചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര് തയ്യാറാക്കാനാണ് ബെവ്കോ സ്റ്റാര്‍ട്ടപ്പ് മിഷന് വഴി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹായം തേടിയിട്ടുള്ളത്. കൂടാതെ വെര്‍ച്വല്‍ ക്യൂ നടപ്പാക്കി മുന്‍പരിചയമുള്ള കേരള പോലീസിന്റെ സഹായവും ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കും.
മദ്യം വാങ്ങാനുള്ള സമയം ഉള്‍പ്പെടെ നിശ്ചയിച്ച് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ടോക്കണുകള്‍ വിതരണം ചെയ്യുകയാണ് ചെയ്യുക. ടോക്കണിലുള്ള ക്യൂആര്‍ കോഡ് മദ്യവില്‍പ്പനശാലയിലെ മെഷീനില്‍ സ്കാന്‍ ചെയ്ത ശേഷമായിരിക്കും മദ്യം നല്‍കുക. ഒരാള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന മദ്യത്തിന്റെ അളവിനും പരിധിയുണ്ടാകും. ടോക്കണെടുക്കുമ്പോള്‍ തൊട്ടടുത്തുള്ള ബെവ്കോ ഔട്ട്ലെറ്റ് തെരഞ്ഞെടുക്കാനും ഉപഭോക്താവിന് സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കില്‍ എസ്എംഎസ് വഴിയും ടോക്കണ്‍ നല്കാന് സംവിധാനമുണ്ടാകും.
അതേസമയം, കള്ള് ഷാപ്പിലെ പാഴ്സല്‍ സംവിധാനത്തില്‍ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കളള് കൈവശം വെയ്ക്കാന്‍ അബ്കാരി ചട്ടത്തില്‍ അനുമതിയുണ്ട്. കള്ള് ഷാപ്പുകളില്‍ നിന്ന് മാത്രമേ വില്‍പ്പന പാടുള്ളൂയെന്നതിനാല്‍ പ്രത്യേക ഭേദഗതി വേണ്ടന്നാണ് നിയമോപദേശം.
നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ 267 ബെവ്കോ ഔട്ട്ലെറ്റുകള് വഴി ഒരു ദിവസം 7 ലക്ഷം രൂപയുടെ മദ്യവില്പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴു ലക്ഷം മുതല്‍ 10 ലക്ഷം പേര് വരെ സംസ്ഥാനത്ത് ഒരു ദിവസം മദ്യം വാങ്ങാന്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: