ഇടുക്കി: കാലവര്‍ഷം അടുത്തെത്തി നില്‍ക്കെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് ഒമ്പതംഗ വിദഗ്ധ സംഘം കത്തയച്ചു. വൈദ്യുതി ഉത്പാദനം ഉയർത്തി ഇടുക്കിയിലെ ജലനിരപ്പ് 500 എംസിഎമ്മിലേക്ക് താഴ്ത്തമെന്നാണ് പ്രധാന ആവശ്യം. കേരള നദി സംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.സീതാരാമന്, ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി എന്നിവരടങ്ങുന്ന സംഘമാണ് കത്തയച്ചത്.
തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്നാണ് വിവിധ കാലാവസ്ഥ വിഭാഗങ്ങളുടെ പ്രവചനം. ശരാശരിയോ അതിലധികമോ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ദുരന്തങ്ങള്‍ കൂടി മുന്നില്‍ കണ്ട് സംസ്ഥാനം ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കൊറോണയുടെ ഭീഷണി വരും മാസങ്ങളിലും തുടരുമെന്നതിനാല്‍ ദുരന്ത ബാധിത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അസാധ്യമാകും.
ഇതിനൊപ്പം 2018ലെ പ്രളയത്തിന്റെ അടിസ്ഥാനങ്ങള്‍ ഡാമുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേറ്റിങ് മാനുവല്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിനായി വിവിധ തദ്ദേശ സ്വയംഭരണ വകുപ്പുകളോ വെള്ളം ഒഴുകുന്ന പുഴകളുമായി ബന്ധപ്പെട്ടോ യാതൊരു പഠനവും നടത്തിയിട്ടില്ല. ഏത് സമയത്ത് വെള്ളം തുറന്ന് വിട്ടാലും അത് ബാധിക്കുക ആദ്യഘട്ടത്തില്‍ തന്നെ പുഴയോരത്തെ താമസക്കാരെയാണ്.
മഴ വര്‍ഷം എത്താന്‍ ഇനി 22 ദിവസം കൂടിയാണുള്ളത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 1484.118 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാവശ്യമായ വെള്ളം ഡാമുകളിലുണ്ട്. വൈദ്യുതിബോര്‍ഡിന്റെ ജലവിനിയോഗ തത്വം അനുസരിച്ച് 700 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാവശ്യമായ വെള്ളമാണ് കാണേണ്ടത്. ശരാശരി 20 ദശലക്ഷം യൂണിറ്റാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം. ഈ നിരക്കില്‍ പോയാല്‍ മഴക്കാലം തുടങ്ങുമ്പോള്‍ 1150 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഉണ്ടാകും. ഇത് സംഭരണികള്‍ മഴക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ നിറയുന്നതിന് കാരണമാകും. പ്രതിദിന ഉത്പാദനം 35 ദശലക്ഷം ആക്കി ഉയര്‍ത്തി ഇത് പരിഹരിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ഇടുക്കി ഡാമില്‍ ഇതേ ദിവസത്തെ കണക്ക് പ്രകാരം 631.567 എംസിഎം വെള്ളമുണ്ട്. സംഭരണ ശേഷിയുടെ 44%. ശരാശരി ഉത്പാദനം 8 ദശലക്ഷം യൂണിറ്റാണ്. ഈ നിലയില്‍ പോയാല്‍ 35% വെള്ളം മഴക്കാലം തുടങ്ങുമ്പോള്‍ അവശേഷിക്കും. 2018ല്‍ ഇത് 25% ആയിരുന്നു. ജൂലൈ എത്തിയപ്പോള്‍ ജലശേഖരം 95% വരെ ഉയര്‍ന്നു.
കേരളത്തിനെ നേരിട്ട് ബാധിക്കുന്ന തമിഴ്നാടിന്റെ അധികാരത്തിലുള്ള ഡാമുകളായ ഷോളയാര്‍, മുല്ലപ്പെരിയാര്‍, പറമ്പികുളം തുടങ്ങിയവ 2018ലെ പ്രളയത്തിന്റെ തീവ്രത കൂട്ടിയിരുന്നു. ഇവയുടെ ജലനിരപ്പ് എല്ലാ ഘട്ടത്തിലും സുരക്ഷിതമായി നിലനിര്‍ത്തണം. നിലവില്‍ ഇത് സംബന്ധിച്ച് പിന്തുടരുന്നത് പഴയ കരാര്‍ ആണ്. ഇതിന് പുതിയ മാനദണ്ഡം ഉണ്ടാക്കണം. കേരള ഡാം സേഫ്റ്റി വിഭാഗം ഇടപ്പെട്ട് ഇതിനായി സമ്മർദം ചെലുത്തണമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: