കാബൂള്‍: പ്രദേശിക പ്രീമിയര്‍ ലീഗില്‍ ഒത്തുകളി കണ്ടെത്തിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്റെ സീനിയര്‍ താരവും വിക്കറ്റ്കീപ്പര്‍ ബാറ്റ്സമാനുമായ ഷഫീഖുള്ള ഷഫാഖിന് ആറു വര്‍ഷത്തെ വിലക്ക്. ആറു വര്‍ഷത്തെ വിലക്ക് വന്നതിനാല്‍ മുപ്പതുകാരനായ ഷഫീഖിന്റെ ക്രിക്കറ്റ് കരിയാര്‍ ഏതാണ്ട് അവസാനിക്കുകയാണ്. രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ക്ഷന് കോഡിലെ നാലു നിയമങ്ങള്‍ ലംഘിച്ചെന്ന് ഷഫീഖ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2018ല്‍ നടന്ന അഫ്ഗാനിസ്ഥാന് പ്രീമിയര്‍ ലീഗിന്റെ പ്രഥമ എഡിഷന്, 2019ലെ ബംഗ്ലാദശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തികളിലേര്‍പ്പെടുകയും ഒരു സഹതാരത്തെ ഒത്തു കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നതാണ് ഷഫീഖുള്ളയ്ക്കെതിരായ കുറ്റം. അഫ്ഗാന് പ്രീമിയര്‍ ലീഗില്‍ നംഗര്‍ഹര്‍ ലിയോപാര്‍ഡ്സിന്റെയും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സിലെറ്റ് തണ്ടറിന്റെയും താരമായിരുന്നു അദ്ദേഹം.
2009ല്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ ഷഫീഖുള്ള 24 ഏകദിനങ്ങളും 46 ട്വന്റി 20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന ടി20 പരമ്പരയിലാണ് അവസാനമായി കളിച്ചത്. ഇതു ഗുരുതരമായ നിയമലംഘനം തന്നെയാണ്. കാരണം ഒരു സീനിയര്‍ താരമാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ടൂര്‍ണമെന്റായ പ്രീമിയര്‍ ലീഗില്‍ നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതെന്നു എസിബിയുടെ സീനിയര്‍ ആന്റി കറപ്ക്ഷന് മാനേജര്‍ സയ്ദ് അന്‍വര്‍ ഖുറേഷി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: