താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി പട്ടികജാതിവിഭാഗത്തിന് 62,73,800 രൂപയാണ് കഴിഞ്ഞ വര്‍ഷം മാറ്റി വെച്ചത്. ജനറല്‍ വിഭാഗത്തിന് 1,26,82000 രൂപയും. പട്ടികജാതി വിഭാഗത്തിന് ആകെ ചെലവഴിച്ചത് 10,20,000 മാത്രം. ജനറല്‍ വിഭാഗത്തിന് 10,40,000 രൂപയും. അതായത് ജനറല്‍ വിഭാഗത്തില്‍ 8.23 ശതമാനവും, പട്ടികജാതി വിഭാഗത്തില്‍ 16.26 ശതമാനവും മാത്രമാണ് വീട് നിര്‍മ്മാണത്തിനായി ചെലവഴിച്ചതെന്ന് പഞ്ചായത്തിന്റെ രേഖകളില്‍ കാണാം. എന്നിട്ടും മൂന്നാംതോട് മുട്ട് കടവിലെ രാമന് – കമല ദമ്പതികള്‍ താമസിക്കാന്‍ അടച്ചുറപ്പുള്ള വീടില്ല.
പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറി പോലും ഇല്ല. ഏറെക്കാലമായി മൂന്നു സെന്റു സ്ഥലത്തെ മേല്‍ക്കൂരയില്ലാത്ത സിമന്റു കട്ടകള്‍ കൊണ്ടുണ്ടാക്കിയ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം നയിച്ചു വരികയാണ് പ്രായമേറിയ ഈ ദമ്പതികള്‍. പട്ടികജാതി വിഭാഗത്തിന് വീട് വാസയോഗ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ 10,50,000 രൂപ മാറ്റിവെച്ചിരുന്നു. ചെലവഴിച്ചതാകട്ടെ 6,00,000 രൂപ മാത്രവും അതായത്. 57.14 ശതമാനം മാത്രം. വാസയോഗ്യമല്ലാത്ത വീട്ടിലാണ് രാമനും കമലയും കഴിയുന്നത്. ഇവരുടെ വീട് വാസയോഗ്യമാക്കാന്‍ ചെലവഴിക്കേണ്ട പണമാണ് പകുതിയിലധികം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും പഞ്ചായത്തില്‍ ചെലവഴിക്കാതെ ബാക്കിയായത്. രാഷ്ട്രീയ നേതാക്കളോ സാമുദായിക നേതാക്കളോ ശ്രദ്ധിക്കാനില്ലാത്തത് കാരണം ഇവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും ലഭിക്കുന്നില്ല.
സംസ്ഥാനത്തൊട്ടാകെ എല്ലാ വീടുകളിലും ശുചിമുറികളായി എന്ന പ്രഖ്യാപനം നടന്നിട്ടും താമരശ്ശേരിയിലെ ഈ വൃദ്ധ ദമ്പതികള്‍ക്ക് അത് ലഭിച്ചില്ല. കുടിലിലെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുകയാണ് മറ്റൊരു പോംവഴിയില്ലാതെ ഇവര്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുകയല്ലാതെ അവര്‍ക്ക് മറ്റൊരു വഴിയില്ല.
ചുങ്കത്തും പരിസരങ്ങളിലും പഴയ സാധനങ്ങളും മറ്റും പെറുക്കി വിറ്റാണ് രാമന് ഉപജീവനം നടത്തിവന്നിരുന്നത്. ഇവര്‍ക്ക് മക്കളില്ല.
കുടിലിന് മേല്‍ക്കൂരയൊരുക്കി ആദരം
താമരശ്ശേരി: മാതൃദിനത്തില്‍ മൂന്നാംതോട് ബിജെപി പ്രവര്‍ത്തകര്‍ അവശ ദമ്പതികള്‍ക്ക് ആദരവായി ജീര്‍ണ്ണിച്ച വീടിന് മേല്‍ക്കൂര നിര്‍മ്മിച്ചു നല്കി. ദമ്പതികളുടെ ദയനീയാവസ്ഥ മനസിലാക്കിയ ബിജെപി പ്രവര്‍ത്തകരാണ് ഇന്നലെ താല്‍ക്കാലിക മേല്‍ക്കൂര നിര്‍മ്മിച്ചത്. ലോക്ഡൗണ്‍ കാലത്ത് ആരും പുറത്തിറങ്ങാതിരുന്നപ്പോള്‍ കവുങ്ങുകളും പനയോലയും പ്ലാസ്റ്റിക് ഷീറ്റും സംഘടിപ്പിച്ച് ഇവര്‍ താല്‍ക്കാലിക മേല്‍ക്കൂര ഉണ്ടാക്കുകയായിരുന്നു. എ.പി.ചന്ദ്രന്, സി.കെ.വിനീത്, പി.കെ.ഗിരീഷ്, കെ.സി.ബൈജു, എം.ടി.ബൈജു, ബീഷ്.വി.ജി, ശ്രീജിത്ത് എം.ടി എന്നിവരുടെ നേതൃത്വത്തിലാണ് മേല്‍ക്കൂര നിര്‍മ്മാണം നടന്നത്.
അധികൃതരില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെങ്കില്‍ വീടിന് സ്ഥിരം മേല്‍ക്കൂരയും മറ്റ് അറ്റകുറ്റപണികളും നടത്തിക്കൊടുക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. വീട്ടു നമ്പറോ സ്വന്തമായി റേഷന്‍ കാര്‍ഡോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കാര്യമായ ആനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ല. രാമന്, കമല ദമ്പതികള്‍ക്ക് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പുതുവസ്ത്രങ്ങളും എ.പി.ചന്ദ്രന് ഭക്ഷണക്കിറ്റും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: