ദേശഭക്തി, അതൊരു വികാരമാണ്. അതില്‍ ലയിച്ചുകഴിഞ്ഞാല്‍ മറ്റെന്തിനേക്കാളും മുന്‍തൂക്കം ദേശീയതയ്ക്ക് നല്‍കും. ഗണഗീതം എന്ന വിശേഷപദം നല്‍കിയിരിക്കുന്ന ദേശഭക്തി ഗാനങ്ങള്‍ക്ക് അതിന് മുഖ്യപങ്കുണ്ട്. ജീവിതയാത്രയില്‍ തളര്‍ന്നുപോകാതെ എന്തിനെയും അതിജീവിക്കാന്‍ ദേശഭക്തി ഗാനങ്ങളിലെ വരികള്‍ക്ക് ശക്തിയുണ്ട്.
ഗണഗീതങ്ങള്‍ പ്രേരണയാകുന്നെങ്കില്‍ ഗണഗീതങ്ങളുടെ രചയിതാക്കള്‍ക്ക് അവരുടെ കാവ്യഭാവനയുടെ ദേശീയബോധ്യങ്ങള്ക്ക് എത്രമാത്രം തീവ്രമായ ആദര്‍ശത്തിന്റെ പിന്‍ബലമുണ്ടാകും. ഗാനാഞ്ജലിയിലെ കൂടുതല്‍ ഗണഗീതങ്ങള്‍ രചിച്ചിട്ടുള്ളത് പരമേശ്വര്‍ജിയും വി.എസ്. ഭാസ്കരപ്പണിക്കര് സര് എന്നിവരാണെന്നാണ് പരക്കെ അറിയപ്പെടുന്നത്. പരമേശ്വര്‍ജിയെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ കോട്ടയം കടയനിക്കാട് തയ്യില്‍ വി.എസ്. ഭാസ്കരപ്പണിക്കര് പരമേശ്വര്ജിയെപോലെ അത്ര പരിചിതമല്ല. ആദര്‍ശജീവിതത്തിന്റെ മകുടോദാഹരണമായ ഒരു കുടുംബസ്ഥനായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജോലിയും കുടുംബജീവിതവും തമ്മില്‍ ബന്ധിപ്പിക്കാതെ രണ്ടിലും പ്രാധാന്യം കൊടുക്കുകയും അതിനിടയില്‍ സംഘപ്രസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. തന്റെ ഭാവനക്ക്, കവിത്വത്തിന് നൂറുമേനി വിളവില്‍ രചനകള്‍ നടത്തുകയും ചെയ്തു. അതില്‍ ചിലതുമാത്രമാണ് നാം എന്നും പാടിക്കൊണ്ടിരിക്കുന്ന ഗണഗീതങ്ങളില്‍ പലതും. സൗമ്യമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണരീതി, ആരെയും ആകര്‍ഷിക്കുന്ന പുഞ്ചിരി വിടരുന്ന വശ്യതയേറിയ മുഖം.
ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് 1986ലാണ്. കേവലം മൂന്നു വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുള്ള കോട്ടയത്ത് തപസ്യയുടെ ദശവത്സരാഘോഷം നടത്താന്‍ നിശ്ചയിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്. തപസ്യ മാര്‍ഗദര്‍ശിയും സ്ഥാപകനുമായ എംഎ സര്, ഗോപാ
ലകൃഷ്ണാ ഗണഗീതങ്ങളുടെ രചയിതാവ് ഭാസ്കരപ്പണിക്കര് കോട്ടയത്തെവിടെയോ പോസ്റ്റാഫീസില്‍ ഉണ്ട,് ഒന്നന്വേഷിക്കാമോ എന്ന് ചോദിച്ചു. തിരുനക്കര ഹെഡ് പോസ്റ്റാഫീസില്‍ അദ്ദേഹമായിരുന്നു പോസ്റ്റ്മാസ്റ്റര്‍.
1991ല്‍ തപസ്യ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ഗോകര്‍ണത്തേക്ക് ഐതിഹാസികമായ സാംസ്കാരിക തീര്‍ത്ഥയാത്ര നടത്തിയ വേളയില്‍ പ്രവര്‍ത്തനത്തോടൊപ്പം തപസ്യ പ്രവര്‍ത്തകര്‍ക്കിടെയില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയത് യാത്രാഗീതരചനയിലൂടെയാണ്.
ഹിമാദ്രികന്യാ പദസീമകളില്
ഒരേ ചിലമ്പൊലിയുയരുന്നു
ചരിത്രമാകെയുമൊരു സംസ്കൃതിയുടെ
സമന്വയം തുടികൊട്ടുന്നു
തപസ്യ.. തപസ്യ.. കലയുടെ ദീര്‍ഘതപസ്യ.
28 വരിയുള്ള ഈ ഗീതം അന്ന് കേരളത്തിന്റെ സാംസ്കാരിക വിരിമാറിലൂടെ ഉച്ചഭാഷിണിയിലൂടെ ശ്രവിച്ചത് മലയാളിക്ക് മറക്കാനാവില്ല.
സംഘത്തിന് വേണ്ടി എത്രയെത്ര ദേശഭക്തി തുളുമ്പുന്ന കവിതകളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. കലയോടും സാഹിത്യത്തോടും അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തില്‍ ദര്ശിതമായിരുന്നു. ‘ഈ മണ്ണിന്റെ ഗീതങ്ങള്‍’ എന്നപേരില്‍ തെഞ്ഞെടുത്ത കവിതാസമാഹാരം ശ്രദ്ധേയമാണ്. പരം പൂജനീയ മാധവ സദാശിവ ഗോള്‍വര്‍ക്കര്‍ ജന്മശതാബ്ധിയോടനുബന്ധിച്ചു ‘ശ്രീഗുരുജി ശതകം’ എന്ന കാവ്യം അദ്ദേഹം രചിച്ചു. ഗുരുജി ശതകത്തില്‍ നിന്നും ഏതാനും വരികള്‍.
ജ്ഞാനപൊന് കതിര്‍വെട്ടവും ജ്വലിതമാം
കര്‍മ്മാഗ്നിതന്‍ താപവും
മേളിച്ചൊരു സൂര്യബിംബമുദയം
കൊണ്ടു നഭോവീഥിയില്‍
എന്നാലതിനപ്പുറം കുളിമ്മയായ്
സ്നേഹാര്‍ദ്രമായ് ശാന്തമായ്
നിന്നിടുന്ന ഹിമവാംശമായ് ഗുരുജിയെ
കണ്ടു സ്വയംസേവകര്‍.
പണിക്കര്‍ സാറിന്റെ കവിതകളിലെ ആശയസമ്പന്നത ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പുരാണേതിഹാസങ്ങള്‍, ചരിത്രപു
രുഷന്മാര്, ആദര്ശനിഷ്ഠര്, പ്രകൃതി സൗന്ദര്യം, ആനുകാലിക സംഭവങ്ങള്‍ തുടങ്ങി ഏതും അദ്ദേഹത്തിന്റെ കവിതരചനക്ക് വിഷയീഭവിച്ചിട്ടുണ്ട്. കവിതകളിലെ കാവ്യഭംഗി, ഭാഷാസൗന്ദര്യം ഇവയോടൊപ്പം ഊന്നല്‍ നല്‍കിയിരുന്നത് ആദര്‍ശത്തിനായിരുന്നു.
ഗൃഹാതുരത്വം നിറഞ്ഞു നില്ക്കുന്നതും പ്രകൃതിയുടെ അവര്‍ണ്ണനീയ വര്‍ണ്ണപ്രപഞ്ച ഭാവങ്ങള്‍ ഒപ്പിയെടുത്തു ലാളിത്യത്തോടെ രചിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ‘വനപര്‍വ്വം’ എന്ന കവിതയില്‍ ഇത് പ്രകടമാണ്.
‘തങ്കക്കയ്യുകളാല് തലോടി നടകൊ –
ള്ളുന്ന ദിനേശന് ദിനം
തിങ്കള്‍ താണുകവര്ന്നെടുത്തമൃത മൂ –
ട്ടുന്നു നിശീഥങ്ങളില്‍
ആടിക്കാറ്റു കടല്‍ കൊടുക്കുമുറുമാല്‍
കൈയേന്തി വീശുന്നിതാ
കാടിക്കണ്ട സമസ്ത ശക്തിനിചയ –
ങ്ങള്‍ക്കൊക്കെയും പൈതല്‍താന്‍’
പരമേശ്വര്‍ജിയുമായുള്ള അടുപ്പം കാവ്യലോകത്തിന് ഈടുറ്റ സംഭാവനകള്‍ നല്കാന് പണിക്കര്‍സാറിന് പ്രചോദനമായിട്ടുണ്ട്. 2012ല്‍ കോട്ടയത്ത് നടന്ന തപസ്യ 36-മത് സംസ്ഥാന വാര്ഷികത്തില്വെച്ചു ഭാസ്കരപ്പണിക്കര് സാറിനെ ആദരിച്ചു. പ്രൗഢഗംഭീരമായ സദസ്സില്‍ തപസ്യ മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് പൊന്നാടയണിയിച്ചു ആദരിക്കുകയും മംഗളപത്രം നല്‍കുകയും ചെയ്തു. നാനാതുറകളിലുള്ള വ്യക്തിത്വങ്ങളും അദ്ദേഹത്തെ ആദരിക്കുവാന്‍ എത്തിയിരുന്നു. ബാലഗോകുലം സംസ്ഥാന നി
ര്‍വാഹക സമിതിയംഗം പ്രൊഫ സി.എന്‍. പുരുഷോത്തമന് കാവ്യ പരിചയവും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ എന്‍. ശങ്കര്‍റാം സമാദരണ പ്രഭാഷണം നടത്തി.
2014ല്‍ പണിക്കര്‍ സാറിന്റെ വസതിയില്‍ സംഘടിപ്പിച്ച കുടുംബസദസ്സ് വളരെ ശ്രദ്ധേയമായിരുന്നു. മലയാളഗാനലോകത്ത് മാനവികതയുടെയും സാഹോദര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം നല്കി രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ പൗരാണിക പാരമ്പര്യ സംസ്കൃതിയില്‍ വിശ്വസിക്കുന്ന ലക്ഷങ്ങള്‍ക്ക് ഉണര്‍ന്നുപ്രവര്‍ത്തിക്കാനുള്ള ആഗ്രഹം മനസ്സില്‍ കുടിയേറ്റിയ കവിഹൃദയത്തിന്റെ ഉണര്‍ത്തുപാട്ട് നമ്മുടെ ഹൃദയത്തിന്റെ അന്തഃരംഗത്തില് മുഴങ്ങട്ടെ.
2015 മെയ് 11ന് ആ മഹാനുഭാവന് നമ്മെ വിട്ടുപിരിഞ്ഞു. ഭാസ്കരപ്പണിക്കര് സാറിന്റെ 5-മത് ചരമവാര്‍ഷികം കോട്ടയത്ത് ഇന്ന് സമുചിതമായി ആചരിക്കുന്നു. തപസ്യ കോട്ടയം ജില്ലാ വാര്‍ട്സ് ആപ്പ് ഗ്രൂപ്പില്‍ വൈകിട്ട് 4 മുതല്‍ അദ്ദേഹത്തെ അറിയുന്ന വിവിധ സംഘടനാ ഭാരവാഹികള്‍ സംസാരിക്കുന്നു. കവി വി എസ് ഭാസ്കരപ്പണിക്കര് സാറിന്റെ സ്മരണയ്ക്ക് മുന്പില് നമ്രശിരസ്കരായി സ്മരണാഞ്ജലി അര്‍പ്പിക്കുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം.
‘ഭാരതം ലോകത്തിന് വിജ്ഞാന ഭണ്ഡാഗാരം
ഭാരതം സനാതനധര്‍മ്മത്തിന് ഇരിപ്പിടം
ഭാരതം ജന്മക്ഷിതി ഭാരതം പുണ്യക്ഷിതി
ഭാരതം അനാരതം എന്റെ കര്‍മ്മഭൂമി’
(നമ്മുടെ ഭാരതം)
പി.ജി. ഗോപാലകൃഷ്ണന്
(തപസ്യ സംസ്ഥാന സെക്രട്ടറി)
(9446913197)
പ്രതികരിക്കാൻ ഇവിടെ എഴുതുക: