ബെംഗളൂരു: കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളുടെ ദുരിതത്തിന് അറുതി വരുത്താന്‍ സഹായ ഹസ്തവുമായി ബിഎസ് യെദിയൂരപ്പ സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹമുള്ളവര്‍ക്ക് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് കുടുങ്ങിയ ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ , വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കാണ് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാളെ മുതല്‍ കര്‍ണാടക ബസ് ഓടിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടകയുടെ പാസ് ആവശ്യപ്പെട്ടവരോട് കര്‍ണാടക ആര്‍ടിസി തിരികെ വിളിച്ച് ബസില്‍ പോകുന്നുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
കേരള സര്‍ക്കാര്‍ സമ്മതിച്ചാല്‍ കര്‍ണാടകത്തിലെ മലയാളികള്‍ക്ക് നാട്ടിലെത്തിക്കാമെന്ന് നേരത്തെ യെദിയൂരപ്പ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംസ്ഥാനക്കാര്‍ക്ക് തിരിച്ചുപോകാന്‍ ചട്ടങ്ങള്‍ രൂപീകരിച്ച് കര്‍ണാടകം ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും യാത്രാനുമതി നല്‍കുക. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ഒരു ബസ്സില്‍ 30 പേരെ അനുവദിക്കും. യാത്രാക്കൂലി സ്വയം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ണാടക സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
അതാത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാമെന്നും ഇതിന് അതിര്‍ത്തി തുറക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. അതേസമയം, കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ 40,000ത്തിലധികം പേര് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കേരള സര്‍ക്കാര്‍ ഇതുവരെ തിരിച്ചെത്തിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക കര്‍ണാടക സര്‍ക്കാരിന് കൈമാറിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന തീയതി കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ കേരളം ഉള്‍പ്പെടെ ഏതു സംസ്ഥാനത്തേക്കും ട്രെയിന്‍ സര്‍വീസ് നടത്താന്‍ തയാറാണെന്ന് ദക്ഷിണ പശ്ചിമ റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: