സിപിഎമ്മുകാരെ എപ്പോള്‍ കണ്ടാലും സീതി ഹാജി ഗുഡ്നൈറ്റ് പറയുമായിരുന്നത്രെ. അതിന് ഇന്ന നേരമെന്നൊന്നുമില്ല. നട്ടുച്ചയ്ക്ക് കണ്ടാലും സീതിഹാജി ഗുഡ്നൈറ്റ് പറയും. അതെന്താ അങ്ങനെ എന്ന് ചോദിച്ചവരോട് അദ്ദേഹത്തിന്റെ രസികന്‍ മറുപടി ഒരിക്കലും നേരം പുലരാത്തവരോട് പിന്നെന്ത് പറയാനാണ് എന്നായിരുന്നു. എം.എ. ബേബിയെ കാണുന്നിടത്തൊക്കെ വെച്ച് ഒരു ഗുഡ്നൈറ്റ് പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നും വിധമാണ് അദ്ദേഹം കൊറോണക്കാലത്ത് നടത്തുന്ന നിരീക്ഷണങ്ങള്‍.
ബേബിക്ക് മുമ്പ് സുധാകര മഹാകവിയും മുതലാളിത്തവും സോഷ്യലിസവും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും ഒക്കെ സമാസമം ചേര്‍ത്ത് ഒരു എമണ്ടന്‍ പ്രഖ്യാപനം നടത്തിയിരുന്നു. മഹാകവിയുടെ ദര്‍ശനങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാവണം ബേബി സഖാവ് ഒരു ദിനം ലൈവായത്. പറഞ്ഞ ബേബിക്കോ കേട്ടിരുന്ന പാര്‍ട്ടി ബേബികള്ക്കോ ഒന്നും മനസ്സിലായില്ല. ആഗോളവല്‍ക്കരണ, മുതലാളിത്ത, സാമ്രാജ്യത്ത വിരുദ്ധ പോരാട്ടമെന്നൊക്കെ നീട്ടിവലിച്ച് ബേബി സഖാവ് എന്തൊക്കെയോ പറഞ്ഞു. ‘കൊറോണക്കാലത്ത് ബ്രാന്‍ഡ് മാറിയതാണോ’ എന്ന സാദാ ട്രോളുകള്‍ മുതല്‍ ‘അതായതുത്തമാ…’ എന്ന് തുടങ്ങുന്ന സന്ദേശം മോഡല്‍ പരിഹാസങ്ങള്‍ വരെ ബേബിക്ക് നേരെ പ്രവഹിച്ചു.
ഏത് പണ്ഡിതനും അബദ്ധം പറ്റും. അത് മനസ്സിലായാല്‍ തിരുത്തും. ആവര്‍ത്തിക്കാതിരിക്കും. മനസ്സിലാകാത്തവര്‍ക്ക് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ കാര്യം തിരിയും. എന്നിട്ടും തിരിയാത്തവരെയാണ് നാട്ടുകാര്‍ എടുത്തിട്ട് അലക്കുന്നത്. ജനങ്ങള്‍ പരിഹസിച്ചാലും മനസ്സിലാകുന്നില്ലെന്ന് വരുന്നത് ഒരു ബുദ്ധിജീവിയുടെ അപചയത്തിന്റെ പരമകാഷ്ഠയാണ്. അത്തരം ആളുകള്‍ക്ക് നേരം വെളുക്കാന്‍ വൈകുമെന്നതല്ല, വെളുക്കുകയേ ഇല്ലെന്ന് വേണമല്ലോ മനസ്സിലാക്കാന്‍.
ഇത്രേമൊക്കെ കളിയാക്കിയിട്ടും ബേബി സഖാവ് കൊളോണിയല്‍ ചിന്താസരണികളുമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. നോം ചോസ്കിയാണ് ഗുരു. മുതലാളിത്തത്തോടാണ് ബേബിയുടെ കലിപ്പ്. അമേരിക്ക തുലഞ്ഞാല്‍ കൊറോണയും തുലയും എന്നാണ് ബേബി മനസ്സിലാക്കിവെച്ചിരിക്കുന്നത്. കോവിഡ് വൈറസാണെന്നും രോഗം എന്നത് മുതലാളിത്തമാണെന്നുമൊക്കെ അദ്ദേഹം ചോംസ്കിയുടെ തോളില്‍ ചാരി നിന്ന് പ്രഖ്യാപിച്ചുകൊണ്ടേ ഇരിക്കുകയാണ്.
ഇപ്പറഞ്ഞ ചോംസ്കി തന്നെ ഒരു അമേരിക്കന്‍ ജനുസ്സാണ്. ബേബി സാധാരണക്കാരനല്ലാത്തതുകൊണ്ട് ഇന്ത്യന്‍ ഓണ്‍ലൈന്‍ പോര്ട്ടലുകളൊന്നും കണ്ണില്‍ പിടിക്കില്ല. അതിനും മുതലാളിത്തത്തോട് പോരാടാന്‍ വല്ലാണ്ട് മുട്ടിനില്ക്കുന്നോണ്ട് ലേബര്‍ നോട്ട് പോലെയുള്ള അമേരിക്കന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് പഥ്യം. ഇതൊക്കെ പ്രാക്കുളത്തുകാരന് ബേബി വായിച്ചിട്ട് നാലാള് അറിഞ്ഞില്ലെങ്കില്‍ നാണക്കേടല്ലേ. അതോണ്ട് വായിച്ചതൊക്കെ പകര്‍ത്തലാണ് ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ വിനോദം. വേറെ ഒരു പണിയുമില്ലല്ലോ. പാര്‍ട്ടിയില്‍ ആര്‍ക്കും വേണ്ട. പറയുന്നത് മനുഷ്യന് മനസ്സിലായെങ്കിലല്ലേ പാര്‍ട്ടിക്കാരെങ്കിലും സിന്ദാബാദ് വിളിക്കാന്‍ കൂടെ നില്ക്കൂ. അങ്ങനെതന്നെ സിന്ദാബാദ് വിളിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ദേശാഭിമാനി കൂലിക്ക് ആളെ വെച്ച് വായിപ്പിച്ച് അണികള്‍ക്ക് വിദ്യാഭ്യാസം കൊടുത്താണല്ലോ ഇക്കാണായ അന്തംസിനെയൊക്കെ ഇക്കാലമത്രയും സൃഷ്ടിച്ചത്. അതോണ്ട് എന്ത് മണ്ടത്തരം വിളിച്ചുപറഞ്ഞാലും ന്യായീകരിക്കാന്‍ ആളിന് പഞ്ഞമുണ്ടായിരുന്നില്ല. ഇതിപ്പം ബേബി മൊഴിയുന്നത് എന്തുതരം ഭാഷയാണെന്ന് പോലും മനസ്സിലാകുന്നില്ല. എന്നിട്ട് വേണമല്ലോ ന്യായീകരിക്കാന്‍.
രണ്ടാഴ്ചയായി ലേഖനമായും ലൈവായുമൊക്കെ പണ്ഡിതന് വിളമ്പാന്‍ ശ്രമിക്കുന്നത് ഇതാണ്, ”ഞങ്ങള്‍ടെ ചൈന കൊണ്ടുവന്ന വൈറസിനെ നിങ്ങള്‍ മുതലാളിമാര്‍ക്ക് ചെറുക്കാനായില്ല. ഞങ്ങള്‍ വൈറസിനെ കൊണ്ടുവരും. ഇല്ലാതാക്കും. മുതലാളിമാരേ പോയി തുലയുവിന്. ഇല്ലെങ്കില്‍ ചൈനയെ കണ്ടു പഠിക്കുവിന്‍. ചൈനയെ കണ്ടുപഠിക്കാന്‍ മാനം അനുവദിക്കുന്നില്ലെങ്കില്‍ വിയറ്റ്നാമിലേക്ക് ചെല്ലുവിന്‍…. അതുമല്ലെങ്കില്‍ ക്യൂബയിലേക്കോ പിന്നെയും ഗതികെട്ടാല്‍ കേരളത്തിലേക്കോ പോകുവിന്‍… സര്‍വരാജ്യ മുതലാളിമാരേ ജീവന് വേണേല്‍ കമ്മ്യൂണിസ്റ്റുകളുള്ളിടത്തേക്കു പോകുവിന്‍… അവിടെയാണ് കൊറോണയുടെ കുഴിമാടം ഒരുങ്ങുന്നത്. വണ്ടര്ഫുള് കമ്മ്യൂണിസ്റ്റ് ആര്‍ട് ഇന്സ്റ്റലേഷന്…”
പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ സോഷ്യലിസ്റ്റ് മാതൃകകള്‍ ഉപയോഗിക്കണമെന്നാണ് ബേബി സഖാവിന്റെ ആഹ്വാനം. കാക്കത്തൊള്ളായിരം മാതൃകകളുണ്ടത്രെ. അതിലേതെങ്കിലും ഒന്ന് ഉപയോഗിച്ച് സഖാവെന്താ ചികിത്സിക്കാത്തതെന്ന് ആരും പരിഹസിക്കരുത്. അദ്ദേഹം സീരിയസാണ്….
വി.ടി. ഭട്ടതിരിപ്പാട് ഒരു സഖാവുണ്ണിയെക്കുറിച്ച് പണ്ടേ പറഞ്ഞിട്ടുണ്ട്… വിശപ്പിനെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമൊക്കെ വലിയവായില്‍ സംസാരിച്ച സഖാവിനോട് ഒരു ശുദ്ധഗതിക്കാരന്‍ ചോദിച്ചു,
‘എന്താണീ ആപത്തിന് പരിഹാരം ?’ ഉണ്ണി അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരിയോടുകൂടി പറഞ്ഞതിതാണ്,
1. ഇന്ത്യയെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ നിന്നും ആംഗ്ലോ-അമേരിക്കന്‍ മേധാവിത്തത്തില്‍ നിന്നും മോചിപ്പിക്കുക.
2. സോഷ്യലിസ്റ്റ് ജനാധിപത്യക്കോയ്മകളുടെ സഖാവാക്കി ഇന്ത്യയെ സോഷ്യലിസത്തിലേക്ക് കൊണ്ടുപോവുക…
‘നില്ക്കട്ടെ ഇവിടുന്നേ’, ആ സാധു കൃഷിക്കാരന് പറഞ്ഞു. ‘ഇവിടുന്ന് ആട്ടിയ എണ്ണ പതിവായി തേച്ച് നീരാട്ടുകുളി കഴിക്കുക. നെല്ലിക്കത്താളി തേച്ചാല്‍ കൂടുതല്‍ നന്ന്. എന്നിട്ട് നന്നായമറേത്ത് കഴിക്കുക. നല്ലവണ്ണം ഉറങ്ങുക. എന്നാല്‍ ഇവിടുത്തെ സൂക്കേട് മാറും. ഇവിടുത്തെ തല ഉഷ്ണിച്ചിരിക്കുന്നു. തെറ്റിദ്ധരിക്കരുതേ. അധ്വാനം കൂടാതെ അമറേത്ത് കഴിഞ്ഞിരിക്കുമ്പോള്‍ ഉണ്ടാവുന്ന ദീനമാണിത്. ഇടയുള്ളപ്പോള്‍ എന്തെങ്കിലും ജോലി ചെയ്യുക. എന്നാല്‍ എല്ലാം ശരിപ്പെടും….”
ബേബി ലേബര്‍ നോട്ട് വായിക്കും മുമ്പ് വി.ടി.യെ വായിച്ചിരുന്നെങ്കില്‍ നന്നായേനെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: