പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ പ്രതിഷേധവുമായി രംഗത്ത്. രാവിലെ ആറിന് എത്തിയവര്‍ക്ക് പോലും കേരളത്തിലേക്ക് കടക്കാന്‍ അനുമതി നല്‍കാത്തതോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കരഞ്ഞ് പറഞ്ഞിട്ടും അധികൃതര്‍ തങ്ങളെ കേരളത്തിലേക്ക് കടത്തിവിടുന്നില്ല… പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയാണ്. രാത്രിയായിട്ടും ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്ന് ചെന്നെയില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു.
തിരിച്ചു പോകാന്‍ തമിഴ്നാട് അനുവദിക്കുന്നുമില്ല. പാസ് അനുവദിക്കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തുകയും, നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്തതോടെയാണ് ഇവര്‍ കുടുങ്ങിയത്. ഇരുചക്രവാഹനങ്ങളിലും അമിതയാത്രക്കൂലി നല്‍കി കാറുകളിലും മറ്റുമായി ആയിരത്തിലധികം പേരാണ് ഇന്നു ചെക്പോസ്റ്റിലെത്തിയത്. പാസ് ഇല്ലാതെ വരുന്നവരാണ് അധികവും. ആദ്യദിനങ്ങളില്‍ പാസ് നല്‍കാന്‍ പ്രത്യേകം കൗണ്ടറുകളുണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തി.
മെയ് 17 വരെയുള്ള പാസാണ് നല്‍കിയത്. ഇനിമുതല്‍ പാസ് കിട്ടില്ലെന്ന് ഭയന്ന് എത്തിയവരാണ് അധികവും. പുലര്‍ച്ചെ മുതല്‍ കൈക്കുഞ്ഞുങ്ങളും, ഗര്‍ഭിണികളും, പ്രായമായവരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് പാസില്ലാതെയെത്തി യാത്രാനുമതിക്കായി മണിക്കൂറുകളോളം പൊള്ളുന്ന ചൂടില്‍ കാത്തിരുന്നത്. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളും കുറവായിരുന്നു. ദേശീയപാതയോരത്തെ ഡിവൈഡറിലെ ചെടികള്‍ക്ക് താഴെയും, വാളയാര്‍ ഡാമിനുതൊട്ട പൊന്തക്കാട്ടിലും മറ്റുമായാണ് പുലര്‍ച്ചെ മുതല്‍ യാത്രക്കാര്‍ കാത്തിരുന്നത്.
പാസില്ലാത്തവര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ അതിന് മുതിര്‍ന്നെങ്കിലും തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും തല്ലിയോടിച്ചു. റെഡ്സോണില്‍ നിന്ന് വന്നവരും അല്ലാത്തവരും ഒരുമിച്ചാണ് പാസിനായി കാത്തുനിന്നത്. യാത്രരേഖകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ കൂട്ടംകൂടിയാണ് ആളുകള്‍ നില്‍ക്കുന്നത്. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ വലഞ്ഞയാത്രക്കാര്‍ക്ക് സേവാഭാരതി കൈത്താങ്ങായെത്തി. രാത്രി ക്ഷമകെട്ട ജനങ്ങള്‍ പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: