മുംബൈ: കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ 11 നില കെട്ടിടം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി. ഇതോടെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
മുംബൈയിലൈ ബാന്ധ്രയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ പ്രധാന ആസ്തികളില്‍ ഒന്നായ കെട്ടിടമാണ് കണ്ടുകെട്ടിയത്. 16.38 കോടി രൂപ വിലമതിക്കുന്ന കെട്ടിടമാണ് പിടിച്ചെടുത്തത്. കോടികള്‍ വിലമതിക്കുന്ന കെട്ടിടം അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് അനധികൃതമായി കൈമാറിയെന്ന് കണ്ടെത്തിയതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി നടപടികളിലേക്ക് കടന്നത്. തുച്ഛമായ വിലക്ക് 1983ലാണ് കോണ്‍ഗ്രസ് ഈ കെട്ടിടം സ്വന്തമാക്കിയത്.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് ഉള്‍പ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണല്‍സിന്റെ ആസ്തികള്‍ യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്‌ക്ക് കൈമാറിയിരുന്നു. ആസ്തികള്‍ കൈമാറിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സാമിയാണ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായ നടപടി ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: