തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പാസില്ലാതെ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നവരൊക്കെ മടങ്ങി പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പാസില്ലാതെ ധാരാളംപേര്‍ ചെക്ക്പോസ്റ്റുകളില്‍ എത്തിയിട്ടുണ്ട്. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ നിന്നുതന്നെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. ചിലര്‍ കാലാവധി കഴിഞ്ഞ പാസ് കൊണ്ടുവരുന്നുണ്ട്. മറ്റുചിലര്‍ പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക് മുമ്പേ എത്തിയവരാണ്. വാഹനം കിട്ടാനുളള ബുദ്ധിമുട്ട് മുതലായ കാരണങ്ങളാല്‍ വൈകിയവരാണെങ്കില്‍ തീയതിയില്‍ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വകവയ്ക്കാതെ ഇളവ് അനുവദിച്ച് കൊടുക്കുന്നുണ്ട്. താല്‍ക്കാലികമായി അത്തരം ചില പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും അത് തുടരാനാവില്ല. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. അതല്ല എങ്കില്‍ രോഗവ്യാപനം തടയാന്‍ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്ഫലമാകും.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ വരുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവരും സ്വന്തം വാഹനത്തില്‍ വരാന്‍ പറ്റുന്നവരുമാണ് ആദ്യം. അവരാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. അതിലൂടെ മാത്രമേ രോഗം പരിധിവിട്ട് വ്യാപിക്കുന്നത് നമുക്ക് തടയാന്‍ കഴിയൂ. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന തിരക്കും ആരോഗ്യവിവരങ്ങള്‍ മറച്ചുവെച്ചും അനധികൃത മാര്‍ഗങ്ങളിലൂടെയുമുള്ള വരവും ശക്തമായി തടഞ്ഞില്ലെങ്കില്‍ നാം ആപത്തിലേക്ക് നീങ്ങും.
ഒരാള്‍ അതിര്‍ത്തി കടന്നുവരുമ്പോള്‍ എവിടെനിന്നു വരുന്നു? എങ്ങോട്ടുപോകുന്നു? എത്തിച്ചേരുന്ന സ്ഥലത്ത് എന്തൊക്കെ സംവിധാനങ്ങള്‍? എന്നിങ്ങനെയുള്ള കൃത്യമായ ധാരണ സര്‍ക്കാരിന് വേണം. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണം. അതിനിടയ്ക്ക് ഇതൊന്നുമില്ലാതെ എല്ലാവര്ക്കും ഒരേസമയം കടന്നുവരണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ആളുകള്‍ക്ക് പ്രയാസങ്ങളുണ്ട്. അത് സര്‍ക്കാര്‍ മനസ്സിലാക്കുന്നുമുണ്ട്. ആ പ്രയാസങ്ങളെ മുതലെടുത്ത് വ്യാജപ്രചാരണം പാടില്ല. പുറത്തുനിന്ന് എത്തുന്നവര്‍ എത്തേണ്ടിടത്തു തന്നെ എത്തണം. അത് പോലീസ് ഉറപ്പുവരുത്തുന്നുണ്ട്. അങ്ങനെയല്ലെങ്കില്‍ അത് ചട്ടലംഘനമായി മാറും. അക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം നിശ്ചയിച്ചുകൊടുക്കുന്നുണ്ട്. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം. എല്ലാവര്ക്കും ഒരേ സമയം നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ടാകും. എന്നാല്‍ അതിന് ഇപ്പോള്‍ കഴിയില്ല. അത് ക്രമപ്പെടുത്തുന്നതിനാണ് പാസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: