തിരുവനന്തപുരം: കൊറോണയുടെ ദുരിതത്തില്‍നിന്ന് രക്ഷ നേടി പാലായനം ചെയ്യുന്ന പ്രവാസികളുമായി വിമാനങ്ങള്‍ എത്തുമ്പോള്‍, വിമാനമാര്‍ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു നേതൃത്വം നല്കിയ ഒരാള്‍ രാജ്ഭവനിലുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി. 1990 ഓഗസ്റ്റ് 2ന് ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിനുമുമ്പ് കുവൈത്ത് സന്ദര്‍ശിച്ച അവസാന അന്താരാഷ്ട്ര നേതാവ്. പ്രവാസികളെ കൊണ്ടുവരാനായി പറന്ന ആദ്യവിമാനത്തില്‍ പോയ നേതാവ്. വിദേശത്തു നിന്ന് ഒഴിപ്പിക്കല്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച കേന്ദ്ര മന്ത്രി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ ദൗത്യത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഗവര്‍ണര്‍.
‘1990 ഓഗസ്റ്റ് 5 ന് കെയ്റോയില്‍ നടക്കാനിരുന്ന ഇസ്ലാമിക് ഉച്ചകോടിയില്‍ കാശ്മീര്‍ വിഷയമായി വരുമ്പോള്‍ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനായിരുന്നു സന്ദര്‍ശനം. പ്രമുഖ കൂവൈത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവിടെ അനിഷ്ടസംഭവങ്ങളുടെ സൂചന പോലും ഉണ്ടായിരുന്നില്ല.
കുവൈറ്റ് ഇറാഖിന്റെ ഒരു പ്രവിശ്യ മാത്രമാണെന്ന് സദ്ദാം ഹുസൈന് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എംബസി ഫലത്തില്‍ ഇല്ലാതായി. സ്ഥാനപതിയെ ഇറാഖിലെ ബസ്രയിലുള്ള കോണ്സുലേറ്റിലേക്കു മാറ്റി. അതോടെ കുവൈത്തിലുള്ള 1.76 ലക്ഷം ഇന്ത്യക്കാര്‍ അനാഥരായി. കേന്ദ്ര സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി.വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്റാള്‍ ഇറാഖിലെ ബഗ്ദാദില്‍ എത്തി ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സദ്ദാമില്‍നിന്ന് അനുമതി നേടി. തുടര്‍ന്നായിരുന്നു ഗിന്നസ് ബുക്കില്‍ ഇടം തേടിയ ഒഴിപ്പിക്കല്‍’
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, അമ്മാനില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാമാര്‍ഗത്തിന് ജോര്‍ദാന്‍ അനുമതി നല്കി. ധാര്‍മ്മിക പിന്തുണയ്ക്കപ്പുറം സാങ്കേതിക സൗകര്യമോ വിദഗ്ദ്ധരേയോ നല്‍കിയില്ല. കുടിയൊഴിപ്പിക്കല്‍ പ്രക്രിയയ്ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഉപയോഗം അപ്രായോഗിമായി. നേരിട്ടുള്ള വിമാനങ്ങളും കപ്പല്‍ ചാലുകളും ഇല്ലാതിരുന്നത് പ്രശ്നമായി.എല്ലാവരേയും അമ്മാനില്‍ കൊണ്ടുവരുക അവിടെ നിന്ന് ദുബായിവഴി മുംബൈ എന്നതായിരുന്നു മാര്‍ഗ്ഗം.
ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ പലായനം ഏറ്റെടുത്തുകൊണ്ടുള്ള സുപ്രധാന തീരുമാനത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. സുരക്ഷാ ഓഡിറ്റിനായി നിലയുറപ്പിച്ചിരുന്ന എയര്‍ബസ് 320 വിമാനങ്ങള്‍ ഉപയോഗിക്കാനും തയ്യാറാക്കാനും പലായനം ചെയ്യാനും നിര്‍ദ്ദേശിച്ചു.
‘എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും കുടുംബങ്ങളുള്ളതിനാല്‍ യുദ്ധമേഖലയില്‍ പറക്കാന്‍ അവരെ ബോധ്യപ്പെടുത്താന്‍ പ്രയാസമായിരുന്നു. അവര്‍ക്ക് കുറച്ച് ഉറപ്പ് നല്‍കുന്നതിനായി, ഞാന്‍ അവരോടൊപ്പം കന്നി വിമാനത്തില്‍ പോയി, തുടര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഒരാഴ്ച അമ്മാനില്‍ തുടര്‍ന്നു’ ആരിഫ് ഖാന് പറഞ്ഞു.
ആഗസ്റ്റ് 18 നും ഒക്ടോബര്‍ 20 നും ഇടയില്‍ 63 ദിവസംകൊണ്ട് 488 വിമാനങ്ങളാണ് അമ്മാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നത് 1.18 ലക്ഷം പേര് നാട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: