കൊച്ചി: മിഷന്‍ വന്ദേ ഭാരതത്തിന്റെ ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 452 – ലെ ആറംഗ ക്രൂ ഒന്നടങ്കം പറയുന്നു; ‘ദൗത്യം ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു, അത്ഭുതമായിരുന്നു, രാജ്യത്തോടും ജോലിയോടുമുള്ള കടമ നിറവേറ്റലായിരുന്നു. അടുത്ത ദൗത്യത്തിന് അവസരം വന്നാല്‍ അതും ഏറ്റെടുക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്; അതിനിടെ കൊറോണ പരിശോധനാ ഫലംകൂടി അറിയണം. കമാന്‍ഡര്‍ അന്‍ഷുള്‍ ഷെറോണ്‍, ഫസ്റ്റ് ഓഫീസര്‍ റിസ്‌വിന്‍ നാസര്‍, സീനിയര്‍ കാബിന്‍ ക്രൂ ദീപക് മേനോന്‍, അഞ്ജന ജോണി, താഷി ഭൂട്ടിയ,റിയങ്ക സന്തോഷ് എന്നിവരായിരുന്നു ഐഎക്‌സ് 452 ലെ ജീവനക്കാര്‍.
ഇത്രയും വലിയ, പ്രധാനപ്പെട്ട രക്ഷാദൗത്യത്തിന്റെ ഭാഗമായതില്‍ ക്രൂവിലെ അംഗങ്ങളും കമാന്‍ഡര്‍ അന്‍ഷുള്‍ ഷെറോണും അഭിമാനം കൊള്ളുന്നു. ക്യാപ്റ്റന്‍, ടേക്കോഫിന് മുമ്പ് നടത്തിയ അനൗണ്‍സ്‌മെന്റിലും ഈ ദൗത്യത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതിലെ അഭിമാനം അറിയിച്ചു. സംഘാംഗമായ റിയങ്ക പറഞ്ഞു; ”ഞങ്ങള്‍ക്ക് അഭിമാനം ഏറിയ അവസരം. രാജ്യം ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം നടത്തിയപ്പോള്‍ അതില്‍ പങ്കാളിയാകുകയെന്ന കടമ നിര്‍വഹിക്കാനായി. തൊഴില്‍പരമായ കടമകൂടിയാണത്. അതിലേറെ അത്ഭുതം ഈ അടിയന്തര സാഹചര്യത്തിലും യാത്രക്കാര്‍ കാണിച്ച ഉത്തരവാദിത്വവും അച്ചടക്കവുമായിരുന്നു.”
സാധാരണ വിമാനയാത്രകളില്‍ ചെറുതും വലുതുമായ പല കാര്യങ്ങള്‍ക്ക് യാത്രക്കാര്‍ സഹായം ചോദിക്കുക പതിവാണ്. അതില്‍ പലതും അവര്‍ക്കുതന്നെ ചെയ്യാവുന്നവയുമാണ്. പക്ഷേ, ”കാള്‍ ബട്ടണ്‍” ഒന്ന് അമര്‍ത്തിയാല്‍ സേവനം കിട്ടുമെന്നതിനാല്‍ അതിനേ മുതിരാറുള്ളു. പക്ഷേ, ഇന്നലെ അബുദാബി-കൊച്ചി വിമാനത്തില്‍ അങ്ങനെയായിരുന്നില്ല.
”യാത്രക്കാര്‍ ചിട്ടയോടെ കയറി. ഇരുന്നു. ആര്‍ക്കും ആവശ്യങ്ങളേ ഉണ്ടായിരുന്നില്ല. മുന്‍വശത്തെ ടോയ്‌ലറ്റ് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഒരു തിരക്കും പരാതിയും ഇല്ലാതെ യാത്രക്കാര്‍ സഹകരിച്ചു. ഗര്‍ഭിണികള്‍ ഏറെയുണ്ടായിരുന്നു. അവര്‍ക്കും ഒരു സേവനവും വേണ്ടിവന്നില്ല. ആദ്യമായാണ് ഇങ്ങനെയൊരു ഫ്‌ളൈറ്റ്,” കൂട്ടുകാരും ഈ കാര്യം പങ്കുവെച്ചുവെന്ന് റിയങ്ക പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കുക എന്ന കൊറോണാ പ്രതിരോധ മാനദണ്ഡം കൃത്യമായി പാലിച്ചുതന്നെയായിരുന്നു വിമാനത്തിലെ ക്രൂവിന്റെ സേവനം. അതുകൊണ്ട്, പ്രവേശിച്ചപ്പോഴും പുറത്തിറങ്ങിയപ്പോഴും കൊടുത്ത നമസ്‌തേകളില്‍ മാത്രമായിരുന്നു യാത്രക്കാരുമായുള്ള ഇടപെടല്‍. ”യാത്രക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും വെള്ളവും ഭക്ഷണവും വരെ അവരവരുടെ സീറ്റ് ബാഗില്‍ ലഭ്യമാക്കിയിരുന്നു. സ്വാഗതം ചെയ്യാനും വിടപറയാനും നമസ്‌തേ പറഞ്ഞപ്പോള്‍ മാത്രമായിരുന്നു യാത്രക്കാരുമായി സമ്പര്‍ക്കം. വെള്ളം വേണമെങ്കില്‍ നല്‍കാന്‍ മുന്നിലും പിന്നിലും ടേബിളുകളില്‍ സജ്ജമാക്കിയിരുന്നു. ആരും അതുപോലും ആവശ്യപ്പെട്ടില്ല. എല്ലാവര്‍ക്കും നാട്ടിലെത്തിയാല്‍ മതിയായിരുന്നു. ഒടുവില്‍ നമസ്‌തേ പറഞ്ഞ് പോകുമ്പോള്‍ അവരുടെ കണ്ണുകള്‍ നനഞ്ഞു കണ്ടു, അത് അവരുടെ നാടെത്തിയ സന്തോഷംകൊണ്ടായിരുന്നു. അതുമാത്രം മതി ഞങ്ങളുടെ സമാധാനത്തിന്,” റിയങ്കയും കൂട്ടരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: