കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന്റെ തിരക്കിലാണ് കേരളം. ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ എത്തിച്ചേരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനുമുള്ള ബദ്ധപ്പാടിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനവും അതിനുള്ള രജിസ്ട്രേഷനും വിദേശ മലയാളികളുടെ തിരിച്ചു വരവ് തുടങ്ങുന്നതിന് മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയാകും മുമ്പു തന്നെ നിര്ത്തിവച്ചിരിക്കുകയാണിപ്പോള്. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയത് വന്‍ വീഴ്ചകളാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസങ്ങളില്‍ വന്നത്. കേരളത്തിലെത്തുന്ന മുറുനാടന് മലയാളികള്‍ക്കുവേണ്ടി ഒരുക്കങ്ങളെല്ലാം സുസജ്ജമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അവരില്‍ കുറച്ചുപേര്‍ എത്തിയപ്പോള്‍ത്തന്നെ ഉണ്ടായ പാളിച്ചകളില്‍ നിന്ന് വ്യക്തമാകുന്നത് സര്‍ക്കാര്‍ പറയുന്നതും ചെയ്യുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്.
മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ ക്വാറന്റൈനില്‍ അയയ്ക്കാനും മറ്റുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് നിരവധി പേര് കേരളത്തിലെത്തിയത്. 7,800 പേര് കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ എത്തിയത്. രണ്ട് ലക്ഷത്തോളം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 43,000 പേര്‍ക്ക് നാട്ടിലെത്താനുള്ള പാസുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍ റെഡ് സോണുകളില്‍ നിന്നു വരുന്നവര്‍ പതിനാല് ദിവസം പ്രത്യേക ക്വാറന്റൈന് കേന്ദ്രങ്ങളില്‍ കഴിയണമെന്ന് പറഞ്ഞതിനാല്‍ മിക്കവരും യാത്ര റദ്ദ് ചെയ്യുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അതേസമയം, ആവശ്യമായ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുകയാണുണ്ടായതെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും 163 ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകള്‍ ഒരുക്കുകയും ചെയ്തിട്ടും ഒരു ട്രെയിന്‍ പോലും കേരളത്തിലേക്ക് ഓടിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാതിരുന്നത് ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളായില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച ലോകമറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് വ്യക്തമാകുന്നു.
എല്ലാം സജ്ജമെന്ന് സംസ്ഥാനം പറഞ്ഞെങ്കിലും ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്ക് ഒരുക്കിയ താമസസ്ഥലങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കള്ളം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു എന്നാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തി നിരീക്ഷണത്തിലായവര്‍ക്ക് താമസസൗകര്യമൊരുക്കിയത്. കളിയിക്കാവിള, ഇഞ്ചിവിള വഴി എത്തിയവരെ പാര്‍പ്പിച്ച മാര്‍ ഇവാനിയോസ് കോളേജിലെ ഓഡിറ്റോറിയത്തിലാണ് നൂറിലേറെ പേര്‍ക്ക് താമസം. കട്ടിലുകളില്‍ ഷീറ്റില്ല, ഇത്രയും പേര്‍ക്ക് ആറ് ടോയ്ലറ്റുകള് മാത്രം, പഴകിയ ഭക്ഷണം തുടങ്ങിയ പരാതികള്‍ മാധ്യമപ്രവര്‍ത്തകരോട് അവിടെ താമസിക്കാനെത്തിയവര്‍ തന്നെ പറഞ്ഞതാണ്. ഒരു ആമ്പുലന്‍സില്‍ അഞ്ചും ആറും പേരെ കയറ്റിയാണ് കേന്ദ്രങ്ങളിലെത്തിച്ചത്. കാസര്‍കോട് ജില്ലയിലെ തലപ്പാടി വഴി എത്തിയവരില്‍ വീടുകളിലേക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചവര്‍ക്കു വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നില്ല. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെത്തേണ്ടവര്‍ തലപ്പാടി അതിര്‍ത്തിയില്‍ എത്തിയിരുന്നു. അവര്‍ അവിടെ നിന്ന് എങ്ങനെ നാട്ടിലേക്ക് പോകും എന്ന കാര്യത്തില്‍ മണിക്കൂറുകളോളം അനിശ്ചിതത്വമായിരുന്നു.
നിരീക്ഷണകേന്ദ്രങ്ങളൊരുക്കുന്നതിലും മറ്റും പറ്റിയ വീഴ്ചകാരണമാണ് അന്യസംസ്ഥാനത്തെ മലയാളികളുടെ മടക്കം ഇനിയൊരറിയിപ്പുണ്ടാകും വരെ നിര്‍ത്തിവച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. കേരളത്തില്‍ എല്ലാം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഇങ്ങനെ പെട്ടെന്നോരു നിര്‍ത്തിവെക്കല്‍ എന്തുകൊണ്ടെന്ന് സംശയിക്കാതിരിക്കാന്‍, റെഡ്സോണിലുള്ളവരെ കണ്ടുപിടിച്ച ശേഷമേ ഇനി പ്രവേശിപ്പിക്കുകയുള്ളു എന്ന ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു. റെഡ്സോണില്‍ നിന്ന് വരുന്നവരെ തിരിച്ചറിയാന്‍ മണിക്കൂറുകള്‍ കൊണ്ട് സാധിക്കുമെന്നിരുന്നിട്ടും അത് മറയാക്കി സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെയുംകൊണ്ട് വിവിധ സംസ്ഥാനങ്ങളിലേക്ക് ഓടിയ ശ്രമിക് ട്രെയിനുകള്‍ തിരിച്ചിങ്ങോട്ട് ഓടിച്ചാല്‍ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം പേരെയും എത്തിക്കാന്‍ കഴിയുമായിരുന്നു. അതിനുള്ള ഒരു ശ്രമവും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇക്കാര്യം പ്രധാനമന്ത്രിക്ക് എഴുതിയിട്ടുണ്ടെന്നാണ് പറഞ്ഞത്. റെയില്‍വെ അധികൃതരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുകയാണോ പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണോ ഇത്തരം കാര്യങ്ങളില്‍ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറിയാഞ്ഞിട്ടല്ല. കാരണം വ്യക്തം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞിട്ടേയുള്ളു, ഇവിടെ ഒന്നും ശരിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: