തിരുവന്തപുരം: സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ട് എടുത്ത വനിതകള്‍ക്കും ഇനി കേന്ദ്ര സഹായം ലഭിക്കും. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ട് എടുത്തവരുടെ വിവരങ്ങള്‍ സഹകരണ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന മിക്ക സഹായങ്ങളും സഹകരണ ബാങ്കുകളിലെ അക്കൗണ്ടുള്ളവര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നില്ല.
കൊറോണക്കാലത്ത് ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് ഗഡുക്കളായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1500 രൂപയുടെ ആദ്യ ഗഡു ദേശസാത്കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. പക്ഷെ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ള രണ്ടു ലക്ഷത്തില്‍പരം സ്ത്രീകള്‍ക്കാണ് ഈ സഹായം കേരളത്തില്‍ ലഭിക്കാതെ പോയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. കഴിഞ്ഞ മാസം വിതരണം ചെയ്ത ആദ്യ ഗഡു 500 രൂപയും മെയ് നാലു മുതല്‍ വിതരണം ചെയ്യാന്‍ ആരംഭിച്ച രണ്ടാം ഗഡു 500 രൂപയും ഉള്‍പ്പടെ ആയിരം രൂപ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് ലഭിച്ചു തുടങ്ങി.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന ആരംഭിക്കുമ്പോള്‍ സഹകരണ ബാങ്കുകളിലും ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ ഇരുപത്തിയേഴ് ലക്ഷത്തില്‍പ്പരം വനിതാ ജന്‍ധന്‍ അക്കൗണ്ടുകളാണ് വിവിധ ബാങ്കുകളിലായി സംസ്ഥാനത്ത് ആരംഭിച്ചത്. നബാര്‍ഡ് വഴി ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹകരണ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് കൈമാറണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപെട്ടിരുന്നെകിലും കടുത്ത അനാസ്ഥയാണ് സഹകരണ വകുപ്പ് ഇക്കാര്യത്തില്‍ കാണിച്ചത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആരംഭിച്ച രണ്ടുലക്ഷത്തില്‍ പരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നില്ല. സഹകരണ വകുപ്പ് അവരുടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ചൂണ്ടിക്കാണിച്ചിരുന്നു. കെ.സുരേന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്കും കൊറോണ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: