തിരുവനന്തപുരം: ശ്രമിക്ക് ട്രെയിനുകള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ കൊട്ടും കുരവയുമായി യാത്രയാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇന്നേവരെ ഒരു മലയാളിയെ തിരിച്ചെത്തിക്കാന്‍ ഒരു ശ്രമിക് ട്രെയിന്‍ പോലും ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍. അയല്‍ സംസ്ഥാനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ അയച്ച് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പോലും ഒരു നടപടിയുമില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിന് മലയാളികള്‍ അഭയം ചോദിച്ചു വിളിക്കുമ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി, പൊതുപ്രവര്‍ത്തകര്‍ എന്തു മറുപടിയാണ് പറയേണ്ടതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം- സംസ്ഥാനത്തിന് പുറത്തുനിന്ന് വരാന്‍ വേണ്ടി നിരവധി പേരാണ് സഹായം ചോദിച്ചു വിളിക്കുന്നത്. കേരളത്തില്‍ നിന്ന് ശ്രമിക്ക് ട്രെയിനുകള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ കൊട്ടും കുരവയുമായി യാത്രയാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇന്നേവരെ ഒരു മലയാളിയെ തിരിച്ചെത്തിക്കാന്‍ ഒരു ശ്രമിക് ട്രെയിന്‍ പോലും ഏര്‍പ്പാടാക്കിയിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ അയച്ച് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പോലും ഒരു നടപടിയുമില്ല.
രാജസ്ഥാനിലെ ഉള്‍പ്രദേശത്തുനിന്നും എട്ടു മാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി വിളിച്ചിരുന്നു. സ്വന്തമായി വാഹനം എടുത്തു വരാനുള്ള സാമ്പത്തിക ശേഷിയില്ല. ശ്രമിക്ക് ട്രെയിന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ഈ പെണ്‍കുട്ടി നില്ക്കുന്ന സ്ഥലത്ത് ആശുപത്രി സൗകര്യങ്ങള്‍ ഇല്ല. ചെക്ക് അപ്പ് പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത്.
ദീര്‍ഘദൂര യാത്ര ആയതിനാല്‍ ട്രെയിനില്‍ അല്ലാതെ കൊണ്ടുവരാന്‍ ഒരു ആംബുലന്‍സ് തന്നെ വേണ്ടിവരും. അതിനാണെങ്കില്‍ അവരുടെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ല. കോവിഡ് വാര് റൂമില്‍ നിന്നും നിസ്സഹായാവസ്ഥയാണ് പറയുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിന് മലയാളികള്‍ അഭയം ചോദിച്ചു വിളിക്കുമ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി, പൊതുപ്രവര്‍ത്തകര്‍ എന്തു മറുപടിയാണ് പറയേണ്ടത്? എന്ന് ശ്രമിക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും എന്നാണ് അവരെ അറിയിക്കേണ്ടത്? അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും മലയാളികളാണ് സാര്‍. ഓര്‍മ്മവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: