ന്യൂദല്‍ഹി: ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നായിക്കുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വദേശമായ കശ്മീരിലെ ഗുല്‍സാര്‍പോര ബീഗ്പോറയില്‍ നിന്നും നൂറു കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്താണ് അടക്കിയത്. റിയാസിന്റെ കുടുംബം സംസ്കാര ചടങ്ങില്‍ പങ്കെടുത്ത കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
റിയാസിന്റെ മരണശേഷം കാശ്മീര്‍ താഴ്വരയില് പൊതുജനങ്ങള്‍ക്കും സൈനികര്‍ക്കും നേരെ വന്‍ തോതിലുള്ള ആക്രമണമാണ് വിഘടനവാദികള്‍ നടത്തിയത്. സൈനിക വാഹനങ്ങള്‍ക്ക് കല്ലെറിയുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമിത് ഷാ തയാറാക്കിയ കശ്മീരിലെ പാക്കിസ്ഥാന് സ്പോണ്‍സേര്‍ഡ് പട്ടികയിലെ ഒന്നാമനായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ റിയാസ് നായികൂ. ബന്ദിപോര ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിയാസിന് അമിത് ഷാ നല്കിയ ഗ്രേഡ് എ പ്ലസ് പ്ലസ് ആയിരുന്നു. അതായത് ഏറ്റവും അപകടകാരിയായ തീവ്രവാദി. ആ തീവ്രവാദിയെ കൊന്നൊടുക്കി അമിത് ഷാ നല്കിയ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച പുലര്‍ച്ചയോടെ അവന്തിപ്പോരയില്‍ നടത്തിയ ഓപ്പറേഷനില്‍ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം വകവരുത്തിയത്.
കശ്മീര്‍ താഴ് വരയില്‍ പാക്കിസ്ഥാന് സഹായത്തോടെ കശ്മീരി യുവാക്കളെ വലിയ തോതില്‍ തീവ്രവാദത്തിന് എത്തിച്ചിരുന്നത് റിയാസ് നിയാകൂ ആയിരുന്നു. പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് ഇന്ത്യക്കെതിരേ വലിയ തോതില്‍ സായുധ ആക്രമണം റിയാസ് നടത്തിയിരുന്നു. വിഘടനവാദികളില്‍ നിന്ന് റിയാസിന് പിന്തുണ ലഭിച്ചിരുന്നതിനാല്‍ ഇയാളെ പിടികൂടുക സുരക്ഷ ഏജന്‍സികള്‍ക്ക് വലിയ പ്രയാസമേറിയ ദൗത്യമായിരുന്നു. മിക്കപ്പോഴും സ്ത്രീകളേയും കുട്ടികളേയും അടക്കം മറയായി സൂക്ഷിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനം.പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ തങ്ങുന്ന മേഖലയില്‍ ഒളിച്ചുകഴിയുന്നതിനാല്‍ ഒരു സൈനിക നീക്കം പ്രാവര്‍ത്തികമായിരുന്നില്ല. എന്നാല്‍, ഹന്ദ്വാരയില് ഇന്ത്യന്‍ സൈനികരെ വധിച്ചതിനു പിന്നാലെ സേന ഏതുവിധത്തിലും ഇയാളെ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: