ഗുരുവായൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭക്തര്‍ വിശ്വാസമര്‍പ്പിച്ച് കാണിക്കയിട്ട പണം വകമാറ്റി നല്‍കിയതില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ക്ഷേത്രകാര്യങ്ങളിലും, ക്ഷേത്രത്തിലെ ആധ്യാത്മിക-താന്ത്രിക കാര്യങ്ങളിലും കൂടിയാലോചനകളില്ലാതെ തന്നിഷ്ടം കാണിക്കുന്ന ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ നടപടി. എതിര്‍പ്പുകളെ മറികടന്ന് രണ്ടാംതവണയും ഭരണാധികാരിയാകാന്‍ അവസരം നല്കിയതിനുള്ള ഉപകാരസ്മരണയാണ് ചെയര്‍മാന്റെ വ്യഗ്രതയ്ക്കു പിന്നില്‍.
ലോക്ഡൗണിന്റെ മറവില്‍ ക്ഷേത്രത്തിലും പരിസരത്തും ഭക്തജനങ്ങളുടെ ബാഹുല്യമില്ലാത്ത സമയംനോക്കി തന്ത്രപൂര്‍വമാണ് ചെയര്മാന് പകല്‍കൊള്ള നടത്തിയിരിക്കുന്നത്. 2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കോടികള്‍ നല്കിയതിനെതിരെയുള്ള ഹര്‍ജി കോടതിക്കു മുന്നില്‍ നീതി കാത്തു കിടക്കുന്നതിനിടയിലാണ് ചെയര്മാന് വീണ്ടും ഭക്തരുടെ കാണിക്ക പണം തിരിമറി നടത്തിയിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്റര്‍ പോലുള്ള ആതുരശുശ്രൂഷാലയത്തെ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ചെറുവിരലനക്കാത്തവരാണ് ശ്രീഗുരുവായൂരപ്പന്റെ കാണിക്കപ്പണം വകമാറ്റുന്നത്. ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയില്‍ ദേവസ്വത്തിന്റെ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ദിവാസ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
ഈ ചെയര്മാന് അധികാരമേറ്റ ശേഷം ക്ഷേത്രത്തിലെ വിവിധ മേഖലകളില്‍ ക്രമവിരുദ്ധമായി പലതും നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങി നാണംകെട്ടത് പലതവണയാണ്. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കുള്ള പ്രസാദ ഊട്ട് സര്‍വ്വാണി സദ്യയാക്കി മാറ്റി അന്യമതസ്ഥര്‍ക്കും അതില്‍ പങ്കുകൊള്ളാമെന്ന വ്യവസ്ഥ കൊണ്ടുവന്നു. അന്ന് ക്ഷേത്രം തന്ത്രിമുഖ്യന്റെയും ഭക്തജനങ്ങളുടേയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കേണ്ടിവന്നു. താന്ത്രികാചാര്യനോട് അഭിപ്രായമാരായാതെ ക്ഷേത്രത്തിനകത്ത് പറനിറയ്ക്കല്‍ കൊണ്ടുവന്നതും പ്രതിഷേധ ജ്വാല ആളിക്കത്തിയപ്പോള്‍ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: