ആലപ്പുഴ: ലോക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം സിമന്റിനുണ്ടായ വില വര്‍ധനയുടെ ഉത്തരവാദിത്തം കമ്പനികള്‍ക്കാണെന്ന് വ്യാപാരികള്‍. മുഖ്യമന്ത്രി വ്യാപാരികളുടെ മേല്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ സിമന്റ്സ് പോലും 40 രൂപ വരെ സിമന്റിന് വില വര്‍ധിപ്പിച്ചു. എന്നിട്ടും വ്യാപാരികളുടെ മേല്‍ ആക്ഷേപമുന്നയിക്കുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.
സിമന്റ്വില വര്‍ധനയുടെ പൂര്‍ണ ഉത്തരവാദിത്തം സിമന്റ് കമ്പനികള്‍ക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിലെ സിമന്റ് കമ്പനികള്‍ യാതൊരു കാരണവും കൂടാതെ ക്രെഡിറ്റ് നോട്ട് പിന്‍വലിച്ചതും, ഇന്‍വോയ്സ് വര്‍ധിപ്പിച്ചതുമാണ് കേരളത്തില്‍ സിമന്റ് വില വര്‍ധിച്ചതിന് കാരണമെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കു അനുസൃതമായി കമ്പനികള്‍ സിമന്റ് വിലയില്‍ കുറവ് വരുത്തുന്നുണ്ടെങ്കിലും പലപ്പോഴും ഡീലര്‍ക്ക് നല്കുന്ന ബില്ലിങ് വിലയില്‍ കുറവുണ്ടാകില്ല. പല പേരിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് അത് പിന്നീട് പലപ്പോഴായി ഡീലര്‍ക്ക് കൈമാറുകയാണ് ചെയ്യാറുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ കമ്പനികള്‍ മുന്‍പ് പ്രഖ്യാപിച്ച ഇളവുകള്‍ പിന്‍വലിച്ചു. കൂടാതെ ഡീലര്‍ക്കുള്ള വില്‍പ്പനവിലയില്‍ 10 രൂപ വര്‍ധിപ്പിച്ചു. അതിനാല്‍ ഇപ്പോഴുള്ള വിലവര്‍ധനയ്ക്ക് ഡീലറോ, ചെറുകിട വ്യാപാരികളോ ഉത്തരവാദികളല്ല. സര്‍ക്കാര്‍ തലത്തില്‍ സിമന്റ് കമ്പനികളുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടാല്‍ മാത്രമേ ലോക്ഡൗണിന് മുന്‍പുള്ള വില നിലവാരത്തിലേക്ക് വില പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്നും അസോസിയേഷന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: