മൂന്നാര്‍: തമിഴ്നാട്ടില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശികള്‍ക്ക് പഞ്ചായത്ത് നിരീക്ഷണ സൗകര്യം ഒരുക്കിയില്ല. എട്ടംഗ കുടുംബ പെരുവഴിയിലായി. സംഭവത്തില്‍ വനിത പഞ്ചായത്ത് സെക്രട്ടറിയ്ക്ക് വീഴ്ച പറ്റിയതായി കണ്ടതോടെ ഇന്നലെ ഇവരെ സ്ഥാനത്ത് നിന്ന് നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ചുമതലയേറ്റു.
തമിഴ്നാട്ടിലെ തിരുവണ്ണാമലൈ നിന്ന് ബുധനാഴ്ച വൈകിട്ട് കുമളി വഴി എത്തിയ ഭാര്യയും ഭര്‍ത്താവും മക്കളും പ്രായമായവരും ഉള്‍പ്പെട്ട കുടുംബമാണ് പെരുവഴിയിലായത്. സംസ്കാര ചടങ്ങിനായാണ് ഇവര്‍ പോയത്. തുടര്‍ന്ന് ലോക്ക് ഡൗണില്‍ പെടുകയായിരുന്നു. പള്ളിവാസലിലെ തേയില തോട്ടത്തിലുള്ള എസ്റ്റേറ്റില്‍ താമസിക്കുന്നവരായതിനാലാണ് ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ പുറത്ത് നിന്ന് വരുന്നവര്‍ക്ക് അതാത് പഞ്ചായത്ത് അധികൃതരാണ് താമസ സൗകര്യമൊരുക്കേണ്ടത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം കൈമാറിയിരുന്നു. നേരത്തെ ചിത്തിരപുരം പിഎച്ച്സിയോട് അനുബന്ധിച്ച് നടന്ന യോഗങ്ങളിലും ഇക്കാര്യം അറിയിച്ചതാണ്.
എന്നാല്‍ താമസിക്കുന്നതിന് ആവശ്യമായ കെട്ടിടം ഏറ്റെടുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്ച വരുത്തുകയായിരുന്നു. സബ് കളക്ടര്‍ അടക്കം നേരിട്ട് ആവശ്യപ്പെട്ടിട്ടും പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് റിസോര്‍ട്ടുകള്‍ ഏറ്റെടുത്ത് കത്ത് നല്‍കിയിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഇതുമായി ബന്ധപ്പെട്ട് ഇവിടെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഇക്കാര്യത്തില്‍ അലംഭാവം തുടരുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരോട് സെക്രട്ടറി ധിക്കാരപരമായ രീതിയില്‍ സംസാരിച്ചതായും പരാതിയുണ്ട്. ഉത്തരവിട്ട കളക്ടര്‍ തന്നെ വന്ന് കെട്ടിടം ഏറ്റെടുക്കട്ടെ എന്നാണ് ഇവര്‍ പറഞ്ഞത്.
എട്ടംഗ സംഘം കുമളിയിലെത്തിയതറിഞ്ഞ് ബുധനാഴ്ച വൈകിട്ട് വീണ്ടും വിളിച്ചപ്പോള്‍ എല്ലാം റെഡിയാക്കിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്. ഏറ്റെടുത്ത് നല്‍കിയെന്ന പറഞ്ഞ റിസോര്‍ട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏഴ് മണിയോടെ എത്തിയെങ്കിലും അറിയിപ്പ് ലഭിച്ചില്ലെന്നും സ്ഥലം നല്‍കാനാകില്ലെന്നും മൂന്നാറിലെ ബ്ലൂ ഹില്‍ റിസോര്‍ട്ടുടമ പറഞ്ഞു. നടപടി ആകാതെ വന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സബ് കളക്ടറെ വിവരം അറിയിക്കുകയായിരുന്നു.
സബ് കളക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും കളക്ടറേയും ഇക്കാര്യം അറിയിച്ചു. സമീപത്തെ മറ്റൊരു റിസോര്‍ട്ട് കണ്ടെങ്കിലും ഇവിടെ സൗകര്യമില്ലാത്തതിനാല്‍ ഒഴുവാക്കി. ഇതിനിടെ ഒമ്പത് മണിയോടെ കുടുംബവും സ്ഥലത്തെത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ടതോടെയാണ് സെക്രട്ടറി എത്തി താമസിക്കുന്നതിന് ആവശ്യമായ മേല്പറഞ്ഞ റിസോര്‍ട്ട് ഏറ്റെടുത്ത് കൈമാറിയത്. അതും രാത്രി 12 മണിയോട് അടുപ്പിച്ച്. ഇത്രയും സമയം ക്വാറന്‍ൈനില്‍ കഴിയേണ്ടവരും പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നു.
ഇത് സംബന്ധിച്ച് ഇന്നലെ വിശദീകരണം തേടിയ കളക്ടര്‍ ഇവരോട് നിര്‍ബന്ധിത അവധിയില്‍ പോകുവാന്‍ നിര്‍ദേശിച്ചു. മൂന്ന് മാസത്തേക്കാണ് അവധി. പകരം ഉദ്യോഗസ്ഥന് ഇന്നലെ തന്നെ ഇവിടെ ചുമതലയേറ്റു. അവധി കഴിഞ്ഞെത്തുമ്പോള്‍ ഇവരെ സ്ഥലവും മാറ്റും.
തനിക്ക് അധികാരമില്ലെന്ന് വാദം
അതേ സമയം തനിക്ക് കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ അധികാരമില്ലെന്നാണ് സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ഇത് കളക്ടറുടെ കീഴില്‍ വരുന്ന കാര്യമാണെന്നും ഇവര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇത് പഞ്ചായത്ത് രാജ് നിയമപ്രകാരം ശരിയാണെങ്കിലും അതേ സമയം നിലവില്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ആവശ്യമായ സ്ഥലങ്ങള്‍ പഞ്ചായത്ത് തന്നെ കണ്ട് പിടിക്കണമെന്നാണ്. ഇത് സംബന്ധിച്ച് ഉടമയ്ക്ക് അറിയിപ്പ് നല്കിയ ശേഷം ആവശ്യമായ പരിശോധന നടത്തി ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും.
പിന്നീട് ഈ കെട്ടിടങ്ങള്‍ ഏറ്റെടുത്തതായി കാട്ടി കളക്ടര്‍ ഉത്തരവിറക്കും. ഇതാണ് നടപടി ക്രമം. കൊറോണ കാലമായതിനാലും ജില്ലകളിലുള്ള പഞ്ചായത്തുകളില്‍ കളക്ടര്‍ക്ക് നേരിട്ട് പോയി പരിശോധന നടത്തി ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലുമാണിത്. ഇത്തരത്തില്‍ ചെയ്യുന്നതിലാണ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: