കോഴിക്കോട്: പ്രളയകാലത്ത് നൂറുകണക്കിന് കേരളീയരുടെ ജീവന് രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മറ്റി കോന്നാട് ബീച്ചിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച നിലനില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സൈന്യം എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്. എന്നാലിപ്പോള്‍ മത്സ്യത്തൊഴിലാളികളെ അവഗണിച്ചിരിക്കുകയാണ്. കേരളത്തിലെ അശാസ്ത്രീയമായ റേഷന്‍ കാര്‍ഡ് വര്‍ഗ്ഗീകരണം കാരണം അര്‍ഹതപ്പെട്ട ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്കാണ് സൗജന്യ റേഷനും സൗജന്യ കിറ്റും നഷ്മായത്. ഏപ്രില്‍ മാസത്തെ അടക്കം ഏഴു മാസത്തെ പെന്ഷന് കുടിശിക ഉള്ളതില്‍ രണ്ടു മാസത്തെ പെന്ഷന് മാത്രമാണ് കിട്ടിയത്. ശേഷിക്കുന്ന അഞ്ചു മാസത്തെ പെന്ഷന് താമസമില്ലാതെ ലഭ്യമാക്കണം.
2000 രൂപ വീതം നല്‍കിയെന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രി പറയുന്നത്. ഇത് വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പ്രളയ ആശ്വാസമാണ് നാമമാത്രമായി ഇപ്പോല്‍ വിതരണം ചെയ്യുന്നത്. വരാനിരിക്കുന്ന മഴക്കാലദുരിതം കൂടി കണക്കിലെടുത്ത് മതിയായ സാമ്പത്തിക പാക്കേജ് അനുവദിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്നും വി.കെ. സജീവന് കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി.
നോര്‍ത്ത് നിയോജക മണ്ഡലത്തിലെ 70 സ്ഥലങ്ങളില്‍ നടന്ന സമരത്തിന് നേതാക്കളായ കെ. രജിനേഷ് ബാബു, പി. രാജീവ് കുമാര്‍, വി.കെ. ജയന്, പി. പീതാംബരന്, പി. രമണിഭായ്, പി.എം. ശ്യാംപ്രസാദ്, വി. പ്രകാശന്, പി. രജിത്കുമാര്‍, കെ. ശ്രീകുമാര്‍, എന്‍. ശിവപ്രസാദ്, സബിത പ്രഹളാദന്‍, ലതിക ചെറോട്ട്, എന്‍.പി. പ്രകാശന്, ഇ. ബിജു, അനില്‍ അങ്കോത്ത്, ശുഭലത രമേഷ്, ഉഷ ബാലന്, വിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: