ന്യൂദല്‍ഹി: കൊറോണ വ്യാപനത്തിന്റെ ഭീതിയും ലോക്ഡൗണ്‍ കാലത്തിന്റെ ആശങ്കയും മനസ്സിലേറ്റി കുറച്ചുദിവസങ്ങളായി കഴിഞ്ഞിരുന്ന പ്രവാസികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലില്‍ കേരളത്തിന്റെ മണ്ണിലിറങ്ങി. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിയെത്തിക്കാനുള്ള വന്ദേഭാരത് മിഷന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചപ്പോള്‍ രണ്ടു വിമാനങ്ങളിലായി 366 പേര്‍ രാജ്യത്തെത്തി. നാളെ മിഷന്‍ വന്ദേഭാരതത്തിന്റെ ഭാഗമായി അഞ്ചു വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് 147 പേരുമായി നാളെ രാത്രി 8.30ന് വിമാനം എത്തും, മനാമ-കൊച്ചി വിമാനം 177 പേരുമായി രാത്രി 11.30നും എത്തും. ബെഹ്‌റിനില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസ് ഉണ്ട്. സിങ്കപ്പൂര്‍-ദല്‍ഹി, ധാക്ക-ശ്രീനഗര്‍, ദുബായ്-ചെന്നൈ എന്നിവയാണ് വന്ദേഭാരത് മിഷനിലെ നാളത്തെ മറ്റു സര്‍വീസുകള്‍.
ഇന്ന് അബുദാബിയില്‍ നിന്നു കൊച്ചിയിലേക്കും ദുബായ്‌യില്‍ നിന്നു കരിപ്പൂരിലേക്കുമാണ് പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ എത്തിയയത്. പരിശോധനയ്‌ക്ക് ശേഷമാണ് ബോര്‍ഡിങ് പാസുകള്‍ നല്‍കിയത്. യാത്രക്കാരില്‍ ആര്‍ക്കും കൊറോണ ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്കകളുടെ നടുവില്‍ നിന്ന് പ്രവാസികളെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇരു വിമാനങ്ങളിലേയും ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പറഞ്ഞു. അബുദാബിയിലും ദുബായ്‌യിലും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ജയ് ഹിന്ദ്, വന്ദേ ഭാരതം എന്ന് വിമാന ജീവനക്കാര്‍ ഉറക്കെ വിളിച്ചു.
അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് രാത്രി പത്തരയോടെ നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തു. 181 പ്രവാസികളാണ് ഈ വിമാനത്തില്‍ എത്തിയത്. ഇതില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുമുണ്ടായിരുന്നു. നാലു കുട്ടികളടക്കം ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ എത്തിയത് 183 പ്രവാസികള്‍. ഈ വിമാനവും രാത്രി പത്തരയോടെയാണ് കരിപ്പൂരില്‍ എത്തിയത്. കൊറോണാ പരിശോധന പൂര്‍ത്തിയാക്കിയാണ് എല്ലാവരും വിമാനത്തില്‍ കയറിയത്.
യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കൊച്ചിയില്‍ നിന്നും 1.40ന് കരിപ്പൂരില്‍ നിന്നും വിമാനങ്ങള്‍ യുഎഇയിലേക്ക് പറന്നു. അമ്മയുടെ അന്ത്യ ചടങ്ങുകള്‍ക്ക് എത്താന്‍ ആഗ്രഹിച്ചിരുന്ന അജിത്ത് എന്നയാള്‍ക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ വരാന്‍ അവസരം കിട്ടി. മറ്റൊരാള്‍ അവസാന നിമിഷം പിന്മാറിയപ്പോഴാണ് അജിത്തിന് അവസരം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: